ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; നാല് മരണം
നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു

ന്യൂഡൽഹി: ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാല് പേർ മരിച്ചു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി പൊലീസിന്റെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നിർമാണത്തിലിരുന്ന ആറ് നില കെട്ടിടത്തിൻ്റെ മതിലാണ് തകർന്നത്. കെട്ടിടത്തില്‍ 20ഓളം ആളുകള്‍ താമസിച്ചിരുന്നുവെന്നാണ് വിവരം. എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും കാറ്റും ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ 2.50നാണ് കെട്ടിടം തകർന്നതായി അറിയിച്ച് പൊലീസ് സന്ദേശം ലഭിച്ചതെന്ന് ഡിവിഷണൽ ഫയർ ഓഫീസർ രാജേന്ദ്ര അത്വാൾ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ കെട്ടിടം മുഴുവൻ തകർന്നിരുന്നു. നിരവധി ആളുകൾ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. എൻഡിആർഎഫും ഡൽഹി ഫയർ ഫോഴ്‌സും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 11ന് ഡൽഹിയിലുണ്ടായ പൊടിക്കാറ്റിൽ മധു വിഹാർ പൊലീസ് സ്‌റ്റേഷന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മതിൽ ഇടിഞ്ഞ് വീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Adjust Story Font
16