യുപിയിൽ കൈയേറ്റമാരോപിച്ച് പള്ളിക്ക് നേരെ ബുൾഡോസർ രാജ്
നടപടി സുപ്രിംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമെന്ന് മസ്ജിദ് കമ്മിറ്റി

ലഖ്നൗ: സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ച് ഉത്തർ പ്രദേശിൽ പള്ളിക്ക് നേരെ ബുൾഡോസർ രാജുമായി അധികൃതർ. കുശിനഗർ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്ജിദിന്റെ ഭാഗമാണ് ഞായറാഴ്ച പൊളിച്ചുനീക്കാൻ തുടങ്ങിയത്. പള്ളിക്കെതിരായ നടപടിയിൽ ഹൈക്കോടതിയുടെ സ്റ്റേയുണ്ടായിരുന്നു. ശനിയാഴ്ച ഇതിന്‍റെ സമയപരിധി അവസാനിച്ചതോടെയാണ് അധികൃതർ പൊളിക്കാൻ തുടങ്ങിയത്.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി. കുശിനഗർ എസ്പി സന്തോഷ് മിശ്രയുടെ നേതൃത്വത്തിൽ പൊലീസും ബിഎസ്എഫും സ്ഥലത്തുണ്ടായിരുന്നു. പള്ളിയുടെ ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.
പള്ളി കൈയേറിയാണ് നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവർത്തകർ 2024 ഡിസംബർ 18നാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി പരാതി നൽകിയത്. എന്നാൽ, 15 വർഷം മുമ്പ് 33 സെന്‍റ് ഭൂമി പള്ളി നിർമാണത്തിന് വേണ്ടി വാങ്ങിയതാണെന്ന് മസ്ജിദ് കമ്മിറ്റി മറുപടി നൽകി.
പരാതിക്ക് പിന്നാലെ ജില്ലാ അധികൃതർ സർവേ നടത്തുകയും പള്ളിയുടെ ഒരു ഭാഗം സർക്കാർ ഭൂമിയിലാണ് നിൽക്കുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. തുടർന്ന് അംഗീകൃത പ്രോപ്പർട്ടി മാപ്പിന്‍റെ യഥാർത്ഥ പകർപ്പ് ഹാജരാക്കാൻ പള്ളി കമ്മിറ്റിയോട് അധികൃതർ ആവശ്യപ്പെട്ടു. മുനിസിപ്പൽ റെക്കോർഡ് ഉദ്യോഗസ്ഥർക്ക് ഈ മാപ്പ് കണ്ടെത്താനായില്ല. ഇതിനാൽ ഈ രേഖ പള്ളി കമ്മിറ്റിക്കും ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് സർക്കാർ ഭൂമി വ്യാജ രേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്ന് കാണിച്ച് മസ്ജിദ് കമ്മിറ്റിയിലെ മൂന്ന് പേർക്കെതിരെ കേസെടുത്തു.
അതേസമയം, പള്ളിക്കെതിരെ ബുൾഡോസർ നടപടി സുപ്രിംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് മസ്ജിദ് കമ്മിറ്റി പ്രതിനിധി സെയ്ഫുല്ല ഖാൻ പറഞ്ഞു. കൈയേറിയെന്ന ആരോപണത്തിൽ കൃത്യമായ മറുപടി അധികൃതർക്ക് നൽകിയതാണ്. പള്ളി പൊളിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഞങ്ങൾ ചോദിച്ചെങ്കിലും അവരത് കാണിച്ചില്ല. മുൻ ജില്ലാ മജിസ്‌ട്രേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതാണ്. 33 സെന്‍റ് ഭൂമി പള്ളിയുടേതാണെന്നും 29 സെന്‍റ് ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ബിജെപിയുടെ ലെറ്റർഹെഡിൽ ആരെങ്കിലും പരാതി നൽകിയാൽ ഉടൻ തന്നെ മതപരമായ കെട്ടിടങ്ങൾ പൊളിക്കുകയാണ്. ഇത് നഗ്നമായ അനീതിയാണെന്നും സെയ്ഫുല്ല ഖാൻ പറഞ്ഞു.
Adjust Story Font
16

