ഡൽഹിയിൽ വിമാനം നിർത്തിയിട്ട ഏതാനും മീറ്ററുകൾക്ക് അകലെ ബസീന് തീപിടിച്ചു
ലഗേജുകളും മറ്റും കൈകാര്യം ചെയ്യുന്ന ബസാണിത്. തീ പിടിക്കുന്ന സമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ല.

വിമാനം നിർത്തിയിട്ട ഏതാനും മീറ്ററുകൾക്ക് അകലെ ബസീന് തീപിടിച്ചപ്പോള്‍ Photo-NDTV
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം നിർത്തിയിട്ട ഏതാനും മീറ്ററുകൾക്ക് അകലെ ബസിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ഇന്നാണ് (ചൊവ്വാഴ്ച) സംഭവം നടന്നത്. എയര്‍ ഇന്ത്യയുടെ തന്നെ സാറ്റ്‌സ് ബസിനാണ് തീപിടിച്ചത്.
ലഗേജുകളും മറ്റും കൈകാര്യം ചെയ്യുന്ന ബസാണിത്. തീ പിടിക്കുന്ന സമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ല. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിൽ നിന്ന് തീ ഉയർന്നതിന് പിന്നാലെ വിമാനത്താവളത്തിലെ എആർഎഫ് ടീം എത്തി തീയണക്കുകയായിരുന്നു. അതേസമയം ബസിലെ തീപിടിത്തം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടില്ല.
ഡൽഹി വിമാനത്താവളം പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(DIAL) വ്യക്തമാക്കി. തീ പിടിക്കാനുള്ള കാരണം എന്ന് വ്യക്തമല്ല. അന്വേഷിക്കുന്നുണ്ടെന്ന് സാറ്റ് അറിയിക്കുന്നു. തീ പിടിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാരോ ലഗേജുകളോ ഒന്നും ഉണ്ടായിരുന്നില്ല. ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തീ ശ്രദ്ധയിൽപെട്ടയുടനെ ഇദ്ദേഹം ബസിൽ നിന്നിറങ്ങുകയായിരുന്നു.
മൂന്ന് ടെർമിനലും നാല് റൺവെയും അടങ്ങുന്നതാണ് ഡൽഹി വിമാനത്താവളം. ഇതിൽ മൂന്നാമത്തെ ടെർമിനൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെർമിനാലായാണ് കണക്കാക്കുന്നത്. 2010ലാണ് മൂന്നാം ടെർമിനൽ ഉദ്ഘാടനം ചെയ്തത്.
Watch Video
— Delhi Airport (@DelhiAirport) October 28, 2025
Adjust Story Font
16

