പ്രായപൂർത്തിയാകുന്നതിന് മുമ്പ് ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിൽ ഒരാൾക്ക് മുതിരുമ്പോൾ ജോലി നിഷേധിക്കരുത്: അലഹബാദ് ഹൈക്കോടതി
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുശീൽ ത്രിപാഠി നൽകിയ ഹരജിയിലാണ് കോടതിയുടെ ഈ ഉത്തരവ്

- Published:
27 May 2026 3:30 PM IST

ന്യൂഡൽഹി: പ്രായപൂർത്തിയാകുന്നതിന് മുമ്പ് ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിൽ ഒരാൾക്ക് മുതിരുമ്പോൾ ജോലി നിഷേധിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ക്രിമിനൽ കേസിൽ ഉൾപ്പെട്ടു എന്നതിന്റെ പേരിൽ മാത്രം ഒരാളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്ന് ജസ്റ്റിസ് ശ്രീ പ്രകാശ് സിംഗ് വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിഷ്‌കരണത്തിന് അടിവരയിടുന്നതാണ് കോടതിയുടെ ഈ സുപ്രധാന വിധി.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുശീൽ ത്രിപാഠി നൽകിയ ഹരജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കി 2024 ജൂലൈയിൽ സുശീലിന് നിയമന ഉത്തരവ് ലഭിച്ചിരുന്നു.
എന്നാൽ തന്റെ അറ്റസ്റ്റേഷൻ ഫോമിൽ മുമ്പുണ്ടായിരുന്ന രണ്ട് കേസുകളെക്കുറിച്ച് സുശീൽ വെളിപ്പെടുത്തിയിരുന്നു. ഇതിൽ 2015-ലെ ഒരു കേസ് ജുവനൈൽ നിയമപ്രകാരം ഉള്ളതായിരുന്നു. 2020-ലെ രണ്ടാമത്തെ കേസ് തെളിവുകളുടെ കുറവുണ്ടെന്ന് കണ്ട് പോലീസ് അവസാനിപ്പിച്ചതുമാണ്. ഈ വിവരങ്ങൾ വ്യക്തമാക്കിയതോടെ പൊലീസ് വെരിഫിക്കേഷനും നിയമോപദേശവും വേണമെന്ന കാരണം പറഞ്ഞ് അധികൃതർ സുശീലിന്റെ നിയമനം വൈകിപ്പിച്ചു. ഇതോടെയാണ് സുശീൽ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച്, ഹരജിക്കാരന് എത്രയും വേഗം നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി.. ഒരു കേസ് തീർപ്പാകാതെ കിടക്കുന്നു എന്ന കാരണത്താൽ ഉദ്യോഗാർഥിയെ അനിശ്ചിതകാലത്തേക്ക് ബുദ്ധിമുട്ടിക്കരുതെന്ന് കോടതി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കാലത്തുണ്ടായ കേസുകളുടെ പേരിൽ ഒരാളെ അയോഗ്യനാക്കാൻ കഴിയില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച്, കുറ്റം തെളിയിക്കപ്പെട്ടാൽ പോലും അത് ഭാവിയിൽ ഒരു ജോലി നേടുന്നതിന് തടസമാകരുത്. തെറ്റുകൾ തിരുത്തി ഒരു പുതിയ തുടക്കം നൽകാനാണ് ജുവനൈൽ നിയമങ്ങൾ ശ്രമിക്കുന്നത്. കുട്ടിക്കാലത്തുണ്ടാകുന്ന വീഴ്ചകൾ അവരുടെ സ്വഭാവത്തിന്റെ സ്ഥിരമായ അടയാളമായി കണക്കാക്കരുത്. ഗുരുതരമല്ലാത്ത ആരോപണങ്ങളിലും അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കേസുകളിലും ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വൈകൽ കാരണം ഒരു ഉദ്യോഗാർത്ഥിക്ക് ജോലി നഷ്ടപ്പെടാൻ ഇടയാകരുതെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16
