Quantcast

രണ്ട് വർഷം, കനത്ത വെല്ലുവിളികൾ; കർണാടകയിലെ നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്താൻ 'ഡികെ'ക്ക് സാധിക്കുമോ?

കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് മൂന്ന് വർഷത്തെ ഭരണത്തിന് ശേഷം സിദ്ധരാമയ്യ മനസില്ലാമനസ്സോടെ സ്ഥാനം ഒഴിഞ്ഞത്.

MediaOne Logo
രണ്ട് വർഷം, കനത്ത വെല്ലുവിളികൾ; കർണാടകയിലെ നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്താൻ ഡികെക്ക് സാധിക്കുമോ?
X

ബെംഗളൂരു: കർണാടകയിൽ വൻ രാഷ്ട്രീയ നാടകീയതകൾക്കൊടുവിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് മൂന്ന് വർഷത്തെ ഭരണത്തിന് ശേഷം സിദ്ധരാമയ്യ മനസില്ലാമനസ്സോടെ സ്ഥാനം ഒഴിഞ്ഞത്. ഇതോടെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ചുമതലയേൽക്കും. രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ ഈ നിർണായക നീക്കം. ഭരണം പങ്കിടുന്നതുമായി ബന്ധപ്പെട്ട് 2023-ൽ സർക്കാർ രൂപീകരണ സമയത്തുണ്ടാക്കിയ ഉഭയകക്ഷി ധാരണപ്രകാരമാണ് ഈ അധികാരക്കൈമാറ്റമെന്നാണ് പറയപ്പെടുന്നത്.

രണ്ട് വർഷം ബാക്കിനിൽക്കെ മുഖ്യമന്ത്രിയെ മാറ്റുന്നത് ഗുണം ചെയ്യുമോ?

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് കോൺഗ്രസിന്റെ ഈ രാഷ്ട്രീയ പരീക്ഷണത്തിന്റെ അന്തിമവേദി. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഒരു ഭരണകക്ഷിക്കും തുടർച്ചയായി ഭരണം നിലനിർത്താൻ കഴിയാത്ത ചരിത്രമാണ് കർണാടകയ്ക്കുള്ളത്. 2013 മുതൽ 2018 വരെ അഞ്ച് വർഷം പൂർണ്ണമായി ഭരിച്ചിട്ടും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കേവല ഭൂരിപക്ഷത്തിലേക്ക് നയിക്കാൻ സിദ്ധരാമയ്യക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, വെറും രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ ഡി.കെ. ശിവകുമാറിന് കർണാടകയിലെ ഈ നാല് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാൻ സാധിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഈ ഘട്ടത്തിൽ ഒരു പ്രവചനം അസാധ്യമാണെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. താഴെത്തട്ടിൽ നിന്ന്, എൻ.എസ്.യു.ഐ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന ഡി.കെ. ശിവകുമാർ ഒരു യഥാർത്ഥ പോരാളി യായാണ് അറിയപ്പെടുന്നത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായതിനാൽ വലിയ ആഭ്യന്തര സമ്മർദ്ദങ്ങളില്ലാതെ ഭരിക്കാനും ഭരണവിരുദ്ധ വികാരത്തെ കാര്യക്ഷമമായി പ്രതിരോധിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.

സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ ഒബിസി കാർഡ് ഇറക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒബിസി വിഭാഗത്തിലെ പ്രമുഖ സമുദായമായ 'കുറുബ' വിഭാഗക്കാരനായ സിദ്ധരാമയ്യയെ മാറ്റിയത് കോൺഗ്രസിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാണ്. സംസ്ഥാന ജനസംഖ്യയുടെ 6-7 ശതമാനം വരുന്ന കുറുബ സമുദായത്തിനിടയിൽ ഈ നീക്കം അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നതായി എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ, സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് പാർട്ടിയിൽ വലിയ ഉത്തരവാദിത്തങ്ങൾ നൽകിക്കൊണ്ട് ഈ നഷ്ടം നികത്താൻ കോൺഗ്രസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

കൂടാതെ, ബി.ജെ.പിയിൽ നിലവിൽ കുറുബ സമുദായത്തിൽ നിന്ന് ഉയർത്തിക്കാട്ടാൻ തക്ക പ്രമുഖ മുഖങ്ങളില്ല എന്നതും കോൺഗ്രസിന് ആശ്വാസമാണ്. പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽ തന്നെ ഉറച്ചുനിൽക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഈ സമുദായങ്ങളിൽ നിന്നുള്ള ഒട്ടനവധി ശക്തരായ നേതാക്കൾ കോൺഗ്രസിന്റെ മുൻനിരയിലുണ്ട് എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. മറുഭാഗത്ത്, ഡി.കെ. ശിവകുമാറിന്റെ സ്വന്തം സമുദായമായ വൊക്കലിഗ വിഭാഗത്തിന്റെ വലിയൊരു പങ്ക് വോട്ടുകൾ ജനതാദളിന്റെ (ജെ.ഡി.എസ്) പക്കൽ നിന്നും കോൺഗ്രസിലേക്ക് മാറുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു.

എന്തായാലും, ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് ഏറ്റവും നിർണായകമായ കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ പരീക്ഷണം വിജയമാകുമോ അതോ തിരിച്ചടിയാകുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

TAGS :

Next Story