കാറിടിച്ച് മണിക്കൂറുകളോളം അകത്ത് കുടുങ്ങി ഒട്ടകം; വാഹനവും തകർന്നു; ഒടുവിൽ പുറത്തിറക്കിയത് ഇങ്ങനെ...
അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

Photo| Special Arrangement
ജയ്പ്പൂർ: റോഡ് മുറിച്ചുകടക്കവെ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഒട്ടകം അകത്തുകുടുങ്ങി. പരിക്കേറ്റ് മണിക്കൂറുകളോളം കാറിനകത്തു കുടുങ്ങിയ ഒട്ടകത്തെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം. രാജസ്ഥാനിലെ ജോധ്പൂരിലെ ഫാലോഡി- ദെച്ചു റോഡിലെ കോലു പാബുജിക്ക് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗമടക്കം തകരുകയും ഒട്ടകം അതിനകത്ത് കുടുങ്ങിപ്പോവുകയുമായിരുന്നു. തലയും ഒരു കാലും മാത്രം പുറത്തും മറ്റ് ശരീരഭാഗങ്ങളെല്ലാം കാറിനകത്ത് കുടുങ്ങിയ നിലയിലുമായിരുന്നു ഒട്ടകം.
അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്ന ഒട്ടകം റോഡിലേക്ക് കയറിയതോടെ കാർ പെട്ടെന്ന് ബ്രേക്ക് പിടിച്ചെങ്കിലും നിന്നില്ല. ജോധ്പൂർ സ്വദേശിയായ രാംസിങ്ങാണ് കാർ ഓടിച്ചിരുന്നത്. ഒട്ടകത്തിന്റെ തലയിലാണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകൾഭാഗവും ബോണിറ്റും ബമ്പറും വിൻഡ്സ്ക്രീനും തകർന്നു.
അപകടം കണ്ട് സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ ഡ്രൈവറെ പുറത്തെത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജോധ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രാംസിങ്ങിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, ഇടിയെ തുടർന്ന് അകത്ത് പെട്ടുപോയ ഒട്ടകത്തിന് ഏറെ ശ്രമിച്ചിട്ടും പുറത്തുകടക്കാൻ സാധിക്കാതെ നിലവിളിക്കുക മാത്രമാണ് വഴിയുണ്ടായിരുന്നത്.
നാട്ടുകാർ ശ്രമിച്ചിട്ടും ഒട്ടകത്തെ പുറത്തെടുക്കാനായില്ല. ഇതോടെ, ജെസിബി എത്തിച്ച് കാറിന്റെ ബാക്കി ഭാഗങ്ങൾ കൂടി പൊളിച്ചാണ് മൃഗത്തെ മോചിപ്പിച്ചത്. ഗുരുതര പരിക്കുകളില്ലാതെ രക്ഷപെട്ട ഒട്ടകം പുറത്തെത്തിച്ച ഉടൻ ഓടിപ്പോയി.
Adjust Story Font
16

