'സിദ്ധരാമയ്യയെ തള്ളിയിട്ട് ഡി.കെ ശിവകുമാർ'; ഇൻസ്റ്റഗ്രാമിൽ വ്യാജ വീഡിയോ; കേസെടുത്ത് പൊലീസ്
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇയാൾ വീഡിയോ നിർമിച്ചത്.

Photo| Special Arrangement
ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിടിച്ചുതള്ളുന്ന വ്യാജ വീഡിയോ നിർമിച്ച് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസ്. കന്നഡ ചിത്രരംഗ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇയാൾ വീഡിയോ നിർമിച്ചത്. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ അഡ്വ. ദീപു സി.ആർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഒരു വാർത്താ ചാനലിന്റെ പ്രക്ഷേപണത്തെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ ബ്രേക്കിങ് ന്യൂസായി പ്രചരിക്കുന്ന വ്യാജ വീഡിയോ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നും ശിവകുമാർ സിദ്ധരാമയ്യയെ തള്ളിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും പരാതിയിൽ പറയുന്നു.
'മുഖ്യമന്ത്രി സിദ്ധരാമയ്യയെ ശിവകുമാർ തള്ളി, മുഖ്യമന്ത്രി വീണു, ഒരു പരിപാടിക്കിടെയാണ് സംഭവം, കോപാകുലനായ ഡികെഎസ് മുഖ്യമന്ത്രിയെ തള്ളിമാറ്റി'- തുടങ്ങിയ പ്രസ്താവനകളോടെയാണ് എഐ വ്യാജ വീഡിയോ പങ്കിട്ടതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കാനും അവർക്കെതിരെ സമൂഹത്തിൽ മോശം ധാരണ ഉണ്ടാകാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പരാതിയിലുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.
അത്തരം ഉള്ളടക്കം സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും സംസ്ഥാന സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുമെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ് സംഹിത 192 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ),
336 (4) (വ്യാജരേഖ ചമയ്ക്കൽ), 353 ( പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ ചുമത്തി സദാശിവനഗർ പൊലീസാണ് ഇൻസ്റ്റഗ്രാം യൂസർക്കെതിരെ കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

