'സർക്കാരിന്റെ കയ്യിലെ കളിപ്പാവ'; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഏഴ് ആരോപണങ്ങളുമായി പ്രതിപക്ഷം
ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്

- Published:
23 March 2026 7:49 AM IST

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകി പ്രതിപക്ഷം. അദ്ദേഹം സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ വ്യാപകമായി ആളുകളെ പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മാർച്ച് 12-ന് പാർലമെന്റിന്റെ ഇരുസഭകളിലുമായി സമർപ്പിച്ച നോട്ടീസിൽ ഗ്യാനേഷ് കുമാറിനെതിരെ നിരത്തി ഏഴ് പ്രധാന കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്.
- നിയമനത്തിലെ വിവാദം: കമ്മിഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ പരിഗണനയിലുണ്ടായിരുന്ന കേസിനിടെ അർധരാത്രിയിൽ അടിയന്തരമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിച്ചു. ഇത് ഭരണകൂടത്തിന് ഇഷ്ടപ്പെട്ട വ്യക്തിയെ നിയമിക്കാൻ നടത്തിയ ശ്രമമാണ്
- നിഷ്പക്ഷത നഷ്ടമായി: ഭരണഘടനാപരമായ ബാധ്യതയും നിഷ്പക്ഷതയും പാലിക്കാതെ ഭരണകൂടത്തിന്റെ സ്വാധീനത്തിൽ കമ്മിഷണർ പ്രവർത്തിച്ചു
- പക്ഷപാതപരമായ പ്രസ്താവന: 2025 ഓഗസ്റ്റ് 17-ലെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവിനെ ലക്ഷ്യമിട്ട് പൊതു മുന്നറിയിപ്പ് നൽകിയത് വിവേചനം
- സമീപനം വിവേചനം: പ്രതിപക്ഷ നേതാക്കൾക്കെതിരേ നടപടി എടുക്കുമ്പോൾ ഭരണകക്ഷി നേതാക്കൾക്കെതിരായ സമാന ആരോപണങ്ങളിൽ അതേ മാനദണ്ഡം പാലിച്ചില്ല
- എസ്‌ഐആർ നടപടികളിലെ വിവാദം: എസ്‌ഐആർ. നടപടികൾ ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി നടപ്പാക്കി. പൗരത്വ പരിശോധനയുടെ ഘടകങ്ങൾ ഉൾപ്പെടുത്തി
- വൻതോതിൽ വോട്ടർമാരെ ഒഴിവാക്കി: ബിഹാറിൽ ഏകദേശം 65 ലക്ഷം പേരെയും പശ്ചിമ ബംഗാളിൽ ഏകദേശം 58 ലക്ഷം പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ബാധിച്ചു
- നീതിന്യായ നടപടി തടസപ്പെടുത്തി: മെഷീനിൽ വായിക്കാവുന്ന വോട്ടർ പട്ടികകൾ നൽകുന്നതിൽ വിസമ്മതം പ്രകടിപ്പിച്ചത് സുതാര്യത ഇല്ലാതാക്കി. പോളിങ് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാത്തതും വോട്ടർപട്ടിക ക്രമക്കേട് അന്വേഷണങ്ങളിൽ സഹകരിക്കാത്തതും നീതിന്യായ നടപടി തടസപ്പെടുത്തുന്നതാണ്
Next Story
Adjust Story Font
16
