Quantcast

ക്വാർട്ടേഴ്‌സിന് സമീപം മാങ്ങ പറിക്കാനെത്തിയ 10 വയസുകാരിക്ക് നേരെ ബലാത്സംഗ ശ്രമം; സിഐഎസ്എഫ് ജവാൻ അറസ്റ്റിൽ

40 കാരനായ രമാകാന്ത് വിശ്വകർമയാണ് പിടിയിലായത്

MediaOne Logo
ക്വാർട്ടേഴ്‌സിന് സമീപം മാങ്ങ പറിക്കാനെത്തിയ 10 വയസുകാരിക്ക് നേരെ ബലാത്സംഗ ശ്രമം; സിഐഎസ്എഫ് ജവാൻ അറസ്റ്റിൽ
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിന് സമീപം മാങ്ങ പറിക്കാനെത്തിയ 10 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ സിഐഎസ്എഫ് ജവാൻ അറസ്റ്റിൽ. 40 കാരനായ രമാകാന്ത് വിശ്വകർമയാണ് പിടിയിലായത്.

വെസ്റ്റ് ബർദ്വാൻ ജില്ലയിലെ ലാൽ ബസാർ പ്രദേശത്തിനടുത്തുള്ള സിഐഎസ്എഫ് ക്യാമ്പിന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അഞ്ചും പത്തും വയസുള്ള രണ്ട് പെൺകുട്ടികൾ മാങ്ങ പറിക്കാൻ ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചിരുന്നു. ഈ സമയം രമാകാന്ത് കൂടുതൽ മാങ്ങ തരാമെന്ന് വാഗ്ഗാനം ചെയ്ത് അവരെ സ്കൂട്ടറിൽ അടുത്തുള്ള ഒരു ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. ഇളയ കുട്ടിയെ പുറത്തുനിര്‍ത്തിയ ശേഷം 10 വയസുകാരിയെ മുറിക്കകത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതി സ്കൂട്ടറിൽ ഓടി രക്ഷപ്പെട്ടു.

വാര്‍ത്ത പരന്നതോടെ രോഷാകുലരായ നാട്ടുകാര്‍ സിഐഎസ്എഫ് ക്യാമ്പിന് പുറത്ത് തടിച്ചുകൂടി അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. ശീതൽപൂർ ഗേറ്റ് നമ്പർ 3 ൽ റോഡ് ഉപരോധവും നടന്നു, പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരാനായിരുന്നു നാട്ടുകാരുടെ തീരുമാനം. പെൺകുട്ടിയുടെ പിതാവ്, പ്രാദേശിക തൃണമൂൽ കോൺഗ്രസ് ട്രേഡ് യൂണിയൻ നേതാവ് രത്തൻ മാസിഹിനൊപ്പം സക്തോറിയ ഔട്ട്‌പോസ്റ്റിൽ രേഖാമൂലം പരാതി നൽകി.

മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം സംഘർഷം രൂക്ഷമായെങ്കിലും പൊലീസ് വേഗത്തിൽ പ്രവർത്തിച്ച് പ്രതിയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക ടിഎംസി നേതാവ് ചന്ദൻ ആചാര്യ പറഞ്ഞു. പ്രതിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളുമായി യാതൊരു ബന്ധവുമില്ലെന്നും എന്നാൽ പ്രദേശത്തെ കൽക്കരി ഖനികൾക്കായി പതിവായി വിന്യസിച്ചിരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

TAGS :

Next Story