ഇൻഡിഗോ വിവാദം: സിഇഒയെ പുറത്താക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു; റിപ്പോർട്ട്
ഇൻഡിഗോ എയർലൈനിനെതിരെ നടപടി സ്വീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം ഇന്ന് വൈകുന്നേരം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അറിയിച്ചു

ന്യൂ ഡൽഹി: പൈലറ്റുമാരുടെ വിശ്രമ സമയത്തെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ ഇൻഡിഗോ എയർലൈൻ ക്രമരഹിതമായി കൈകാര്യം ചെയ്തതിനെത്തുടർന്ന് രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുകയും പതിനായിരക്കണക്കിന് യാത്രക്കാർ കുടുങ്ങിപ്പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സിനെ നീക്കം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇൻഡിഗോ എയർലൈനിനെതിരെ നടപടി സ്വീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം ഇന്ന് വൈകുന്നേരം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അറിയിച്ചു. ആഭ്യന്തര വിപണി വിഹിതത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കൈവശം വച്ചിരിക്കുന്ന ബജറ്റ് കാരിയറിന് കനത്ത സാമ്പത്തിക പിഴ ചുമത്തുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വിമാനക്കമ്പനിയുടെ കൂട്ട റദ്ദാക്കലുകൾ രാജ്യവ്യാപകമായി പ്രതിസന്ധികൾക്ക് കാരണമായ സാഹചര്യത്തിൽ ഇൻഡിഗോയ്ക്ക് സർവീസ് നടത്താൻ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിക്കെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കഠിനമായ നടപടിയാണിതെന്ന് സൂചന.
ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഇന്നലെ സ്ഥിരീകരിച്ചിരുന്നെങ്കിലും വിശദാംശങ്ങളിലേക്ക് കടന്നില്ല. പ്രതിസന്ധിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും നായിഡു പറഞ്ഞു.
Adjust Story Font
16

