Quantcast

'മിണ്ടരുത്, ഇടപെടരുത്'; വിദ്യാർഥികൾക്ക് ഭീഷണിയുമായി കേന്ദ്ര സർവകലാശാലകൾ

ജെഎൻയു, ഡൽഹി, ജാമിഅ മില്ലിയ്യ സർവകലാശാലകളാണ് ഉത്തരവ് പുറത്തിറക്കിയത്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-07-24 16:53:21

Published:

24 July 2026 10:20 PM IST

മിണ്ടരുത്, ഇടപെടരുത്; വിദ്യാർഥികൾക്ക് ഭീഷണിയുമായി കേന്ദ്ര സർവകലാശാലകൾ
X

ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് ഭീഷണിയുമായി കേന്ദ്ര സർവകലാശാലകൾ. ജെഎൻയു, ഡൽഹി, ജാമിഅ മില്ലിയ്യ സർവകലാശാലകളാണ് ഉത്തരവ് പുറത്തിറക്കിയത്.

ജെഎൻയു

ജെഎൻയുവിന്റെ വിജ്ഞാനസമൂഹത്തിലെ എല്ലാ പങ്കാളികളും ഉത്തരവാദിത്തത്തോടെ പെരുമാറാനും വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകാനും നിർദേശിക്കുന്നു. പൊതുപ്രതിഷേധങ്ങളെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ നിർദേശങ്ങൾ അനുസരിച്ച്, ന്യൂഡൽഹിയിലെ ജന്തർ മന്തറിലോ അതിനുസമീപമോ നടക്കുന്ന കൂട്ടായ്മകളിൽ പങ്കെടുക്കുന്നതിൽ നിന്നും അല്ലെങ്കിൽ അവിടെ സന്ദർശിക്കുന്നതിൽ നിന്നും പിന്മാറണം. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്തം പാലിക്കണം. ഇത് ലംഘിച്ചാൽ നിയമനടപടികൾക്കും സർവകലാശാലയുടെ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള അച്ചടക്ക നടപടികൾക്കും കാരണമാകും. അക്കാദമികമായും പൗരബോധത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.

ജാമിഅ മില്ലിയ്യ

പുതിയ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ, ജാമിഅ മില്ലിയ ഇസ്ലാമിയ നിങ്ങളെ ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് ഈ പ്രശസ്തമായ സ്ഥാപനത്തിൽ പ്രവേശനം പൂർത്തിയാക്കി വിവിധ പഠന പദ്ധതികളുടെ ഭാഗമായ വിദ്യാർഥികളെ.

നിങ്ങളുടെ വിദ്യാഭ്യാസം, വ്യക്തിഗത വളർച്ച, ക്ഷേമം, പ്രൊഫഷണൽ ഭാവി എന്നിവ്ക്കാണ് സർവകലാശാലാ ഭരണകൂടം ഏറ്റവും ഉയർന്ന മൂല്യം നൽകുന്നതെന്ന് ഈ അവസരത്തിൽ ഞങ്ങൾ വീണ്ടും ഉറപ്പിച്ചു പറയുന്നു. ഇത് മനസിൽ വെച്ചുകൊണ്ട്, അക്കാദമികവും പാഠ്യേതരവുമായ എല്ലാ സൗകര്യങ്ങളോടും കൂടിയ മികച്ച അക്കാദമിക-ഗവേഷണ അന്തരീക്ഷം നിങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന അവസരങ്ങൾക്കായി നിങ്ങളെ സജ്ജരാക്കുന്നതിനും, കടുത്ത മത്സരമുള്ള ലോകത്ത് നിങ്ങളെ വ്യത്യസ്തരാക്കുന്നതിനും ആവശ്യമായ കഴിവുകളും അറിവും പ്രാപ്തിയും നേടാൻ ഇത് നിങ്ങളെ സഹായിക്കും.

നമ്മുടെ വിദ്യാർഥികളിൽ വലിയൊരു വിഭാഗം രാജ്യത്തിന്റെ വിവിധ വിദൂര കോണുകളിൽ നിന്ന് വരുന്നവരാണെന്നും, അവരിൽ പലരും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ടവരാണെന്നും ഞങ്ങൾ നന്നായി മനസിലാക്കുന്നു. അത്തരം വിഭാഗങ്ങളിലെ ഭൂരിഭാഗം പേർക്കും സർവകലാശാലാ വിദ്യാഭ്യാസം ഇന്നും ഒരു വിദൂര സ്വപ്നമായി തുടരുകയാണ്. നിങ്ങൾ ഓരോരുത്തരും പൂർത്തിയാക്കിയ ഈ അസാധാരണ യാത്ര, നിങ്ങളുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രതീക്ഷകളെയാണ് പേറുന്നത്. ഈ കൂട്ടായ പ്രതീക്ഷകൾ നിങ്ങളുടെ അളവറ്റ കഴിവുകളെയും നിങ്ങളുടെ കുടുംബങ്ങളും അധ്യാപകരും നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

അത്രയധികം കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ത്യാഗത്തിലൂടെയും വളർത്തിയെടുത്ത ഒരു ഭാവിയെ അപകടത്തിലാക്കാൻ തക്ക മൂല്യം മറ്റൊന്നിനുമില്ല. ശരിയായ തീരുമാനങ്ങൾ എടുക്കുകയും ഭാവി പ്രതീക്ഷകൾക്ക് തടസ്സമാകുന്ന എന്തിനെയും ചെറുക്കാനുള്ള വിവേകം കാണിക്കുകയും ചെയ്യുന്നവർക്കാണ് വിജയം ഉണ്ടാകുന്നത്. വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അവരുടെ ഭാവിവെച്ച് കളിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നുമുള്ള ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറപ്പിന് അനുസൃതമായി, നിയമവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ജാമിഅ മില്ലിയ ഇസ്ലാമിയ തങ്ങളുടെ എല്ലാ വിദ്യാർഥികളോടും അഭ്യർഥിക്കുന്നു. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറാനും ജാഗ്രത പാലിക്കാനും നിർദേശിക്കുന്നു. നിങ്ങളുടെ പഠനത്തിലും അക്കാദമിക ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും, മികച്ച പഠന നിലവാരം കൈവരിക്കുക, ശോഭനമായ ഒരു കരിയർ കെട്ടിപ്പടുക്കുക എന്നീ നിങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ ദൃഢചിത്തരായിരിക്കുകയും ചെയ്യുക.

നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു, അങ്ങനെ നിങ്ങൾക്ക് സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാനും നിങ്ങളുടെ കുടുംബത്തിനും ജാമിഅ മില്ലിയ ഇസ്ലാമിയക്കും അഭിമാനമായി മാറാനും കഴിയും!

ഡൽഹി യൂണിവേഴ്‌സിറ്റി

പ്രിയപ്പെട്ട വിദ്യാർഥികളേ, അധ്യാപകരേ, നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. സുപ്രിംകോടതിയുടെ ഉത്തരവുകൾ പ്രകാരം കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ള ന്യൂഡൽഹിയിലെ ജന്തർ മന്തറിലെ നിയമവിരുദ്ധമായ ഒത്തുചേരലുകളോ പ്രക്ഷോഭങ്ങളോ നിയമനടപടികൾക്ക് കാരണമായേക്കാം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ വ്യക്തിസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുയർത്താനും, അവരുടെ പഠനത്തെയും ഭാവിയിലെ തൊഴിലവസരങ്ങളെയും കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്.

അതുകൊണ്ട്, എല്ലാ വിദ്യാർഥികളും ജന്തർ മന്തറിൽ നിന്ന് വിട്ടുനിൽക്കണമെന്നും തങ്ങളുടെ സുരക്ഷയ്ക്കും നിയമപാലനത്തിനും മുൻഗണന നൽകണമെന്നും അഭ്യർഥിക്കുന്നു. കൂടാതെ, നിലവിലെ സാഹചര്യം വഷളാക്കുന്നതിനായി വൻതോതിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നിർമിച്ച് പ്രചരിപ്പിക്കപ്പെടുന്നുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കാനും നിർദേശിക്കുന്നു.

TAGS :

Next Story