ആം ആദ്മി പാർട്ടിയുമായുള്ള ഭിന്നത; രാഘവ് ഛദ്ദയുടെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ
ഛദ്ദയും ആം ആദ്മി പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കുന്നതിനിടെയാണ് സുരക്ഷ പിൻവലിച്ചത്

- Updated:
2026-04-15 10:05:37.0

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള (എഎപി) ഭിന്നത വർധിച്ചതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദക്ക് പഞ്ചാബ് പൊലീസ് നൽകിയിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ചു. പഞ്ചാബിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഎപി എംപിയായ ഛദ്ദയ്ക്ക് സംസ്ഥാന സർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഈ സുരക്ഷ പിൻവലിച്ചതായി പഞ്ചാബ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, ഔപചാരികമായ കേന്ദ്ര സുരക്ഷാ ക്രമീകരണം നിലവിൽ വരുന്നതുവരെ അദ്ദേഹത്തിന് സുരക്ഷ ഒരുക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഛദ്ദയും ആം ആദ്മി പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കുന്നതിനിടെയാണ് സുരക്ഷ പിൻവലിച്ചത്. പാർട്ടി അടുത്തിടെ അദ്ദേഹത്തെ രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പാർലമെന്റിൽ പഞ്ചാബിലെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കുകയും കേന്ദ്രത്തിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നതിനുപകരം 'സോഫ്റ്റ് പിആർ' നടത്തുകയും ചെയ്തതായി എഎപി നേതാക്കൾ ആരോപിച്ചു.
ആരോപണങ്ങൾ വെറും നുണകളാണെന്ന് പറഞ്ഞ് രാഘവ് ചദ്ദ തള്ളിക്കളയുകയായിരുന്നു. തടസങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ പൊതുപ്രശ്നങ്ങൾ ക്രിയാത്മകമായി ഉന്നയിക്കുക എന്നതാണ് ഒരു പാർലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പാർലമെന്ററി റെക്കോർഡ് അതിന് തെളിവാണെന്നും ഗൗരവകരമായ ചർച്ചകളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ഛദ്ദ വിമർശനങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. "ശബ്ദമുയർത്തിയതിന് നൽകേണ്ടി വന്ന വില" എന്ന തലക്കെട്ടിലുള്ള വീഡിയോ ഉൾപ്പെടെ, പാർലമെന്റിലെ തന്റെ ഇടപെടലുകൾ അദ്ദേഹം പങ്കുവെച്ചു. "എന്റെ ജോലി സംസാരിക്കട്ടെ" എന്നാണ് ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചത്.
സ്വന്തമായി പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോയ്ക്ക് "രസകരമായ ചിന്ത" എന്ന് ചദ്ദ കമന്റ് ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കൂടാതെ, എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യംവെച്ചാണെന്ന് കരുതപ്പെടുന്ന "ഒരിക്കലും ഗുരുവിനെക്കാൾ ശോഭിക്കരുത്" എന്ന പ്രയോഗം ഉൾക്കൊള്ളുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിൽ, സംസ്ഥാന സുരക്ഷ പിൻവലിച്ചതും കേന്ദ്രം ഉടൻ തന്നെ പുതിയ സുരക്ഷാ കവചം ഒരുക്കിയതും ഈ വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
Adjust Story Font
16
