Quantcast

രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കുന്നു; അമിത്ഷാ അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകി

ഹിന്ദി ഭാഷയറിയാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-10-10 06:03:46.0

Published:

10 Oct 2022 3:24 AM GMT

രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കുന്നു; അമിത്ഷാ അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകി
X

ന്യൂഡൽഹി: രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ജോലിക്കും വിദ്യാഭ്യാസത്തിനും കോടതി നടപടികൾക്കും ഹിന്ദി നിർബന്ധമാക്കാനാണ് കേന്ദ്ര നീക്കം. വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, എന്നിവിടങ്ങളിൽ ആശയവിനിമയം ഹിന്ദിയിലാക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി.

കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണമെന്നും ഔദ്യോ​ഗിക ഭാഷാ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ ശിപാർശയുണ്ട്. 112 ഇന ശിപാർശകളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യാനും കേന്ദ്ര സർവകലാശാലകളിലും എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കാനും സർക്കാർ ജോലിക്കുള്ള പരീക്ഷകളിലും ഹിന്ദി നിർബന്ധമാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ജോലിയില്‍ പ്രവേശിച്ചാല്‍ ഹിന്ദിയില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഹിന്ദി ഭാഷയറിയാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ പരസ്യങ്ങൾ 50 ശതമാനവും ഹിന്ദിയില്‍ ആവണം. മുന്‍പേജില്‍ വരുന്ന പരസ്യങ്ങള്‍ ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷിലുള്ള പരസ്യങ്ങള്‍ ഉൾപേജുകളിൽ ചെറുതായി മാത്രമേ നല്‍കാവൂ. ഓഫീസുകളിലെ നടപടിക്രമങ്ങളും ഹിന്ദിയിലാവണം.

കൂടാതെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ ഔദ്യോഗിക രേഖകള്‍ ഹിന്ദിയിലേക്ക് മാറ്റണം. ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ നടപടിക്രമങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഭരണഘടനപരമായി ആവശ്യമായി വന്നാൽ മാത്രം നൽകിയാൽ മതി. വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയാവണം. ഐക്യരാഷ്ട്ര സഭയിലും ഹിന്ദി അംഗീകൃത ഭാഷയാക്കി കൊണ്ടുവരണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഹിന്ദി ഭാഷാവിവാദം വീണ്ടും ഉയര്‍ന്നുവരുന്നത്. നേരത്തെ രാഷ്ട്രഭാഷാ വിവാദമായിരുന്നെങ്കില്‍ ഇന്ന് ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. റിപ്പോര്‍ട്ട് രാഷ്ട്രപതിയുടെ പരിഗണനയിലാണ്. വരുംദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരാനിടയാക്കുന്നതാണ് കേന്ദ്ര നീക്കം.

TAGS :

Next Story