Quantcast

'അടിച്ചുകൊല്ലെടാ, ഞാനേറ്റു': മംഗളൂരു വിദ്വേഷക്കൊലയ്ക്ക് ബിജെപി നേതാവ് പ്രേരിപ്പിച്ചതായി കുറ്റപത്രം

മലയാളിയായ 38കാരന്‍ അഷ്റഫിനെയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-08-14 06:03:11.0

Published:

14 Aug 2025 11:31 AM IST

അടിച്ചുകൊല്ലെടാ, ഞാനേറ്റു: മംഗളൂരു വിദ്വേഷക്കൊലയ്ക്ക് ബിജെപി നേതാവ് പ്രേരിപ്പിച്ചതായി കുറ്റപത്രം
X

കൊല്ലപ്പെട്ട അഷ്റഫ്- ബിജെപി നേതാവ് രവീന്ദ്ര നായക്

മംഗളൂരു: മംഗളൂരു വിദ്വേഷക്കൊലപാതകത്തിന് ബിജെപി നേതാവ് രവീന്ദ്ര നായക് പ്രേരിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രം. മലയാളിയായ 38കാരന്‍ അഷ്റഫിനെയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയത്.

ബിജെപി മുന്‍ കോർപറേഷന്‍ കൗൺസിലറായ സംഗീത നായക്കിൻ്റെ ഭർത്താവ് കൂടിയാണ് രവി അണ്ണന്‍ എന്ന പേരിലറിയപ്പെടുന്ന രവീന്ദ്ര നായക്. പ്രതികളായ 21 പേരെയും വിശദമായ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രവീന്ദ്ര നായകിന്റെ ഇടപെടലിനെക്കുറിച്ച് വിവരം ലഭിച്ചത്. നേരത്തെ പ്രതികളുടെ മൊഴിയുണ്ടായിരുന്നിട്ടും ആദ്യം കേസ് അന്വേഷിച്ചിരുന്ന മംഗളൂരു പൊലീസ് ഇദ്ദേഹത്തിന്റ പങ്ക് നിഷേധിച്ചിരുന്നു.

ഏപ്രിൽ 27ന് വൈകുന്നേരമായിരുന്നു മലയാളിയായ മുഹമ്മദ് അഷ്‌റഫിനെ സംഘ്പരിവാർ സംഘം കൂഡുപ്പുവിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് വെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.

രവീന്ദ്ര നായക്കിനെതിരെ ആരും പരാതിപ്പെട്ടിരുന്നില്ല എന്നാണ് അന്നത്തെ മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞിരുന്നത്. അതേസമയം ഏപ്രിൽ 29 ന് നടന്ന ചോദ്യം ചെയ്യലിൽ തന്നെ പ്രതികളെല്ലാം ഇദ്ദേഹത്തിന്രെ പങ്കാളിത്തത്തെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണ സമയത്ത് നായക് അവിടെയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലായതിനെ തുടർന്ന് പിന്മാറാൻ തുനിഞ്ഞ അനുയായികളോട് അവനെ അടിച്ചുകൊല്ലെടാ, ബാക്കി കാര്യം ഞാനേറ്റു എന്ന് രവീന്ദ്ര നായക് പറഞ്ഞതായാണ് കുറ്റപത്രത്തിലുള്ളത്. ശേഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. അസ്വാഭാവിക മരണമായാണ് തുടക്കത്തില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ ശക്തമായ പ്രതികരണം ഉയരുകയും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പൊലീസ് അനങ്ങിയത്.

അതേസമയം രവീന്ദ്ര നായകിനെതിരെ ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്നതിന് കൂടുതൽ അന്വേഷണവും തെളിവുകളും വേണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് നായകിന്റെ പേര് കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കോടതിയില്‍ നിലനില്‍ക്കുമോ എന്നാണ് പൊലീസ് നോക്കുന്നത്.

TAGS :

Next Story