ബലാത്സംഗം അതിജീവിച്ച 15കാരിയെ ശിശുക്ഷേമ സമിതി പ്രതിയുടെ വീട്ടിലേക്ക് അയച്ചു; വീണ്ടും അതിക്രമം നടന്നതായി റിപ്പോർട്ട്
ജനുവരി 16-ന് പന്ന ജില്ലയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്കൂളിൽ പോയ ശേഷം കാണാതായതോടെയാണ് സംഭവം ആരംഭിക്കുന്നത്

മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്ന ജില്ലയിൽ ബലാത്സംഗത്തിന് ഇരയായ 15 വയസുകാരിയെ പ്രാദേശിക ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഉദ്യോഗസ്ഥർ പ്രതിയുടെ വീട്ടിലേക്ക് അയച്ചതായും അവിടെ വെച്ച് കൂടുതൽ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കേസിൽ സിഡബ്ല്യുസി ചെയർമാൻ, അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 10 പേർക്കെതിരെ ഛത്തർപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പന്ന ജില്ലയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2025 ജനുവരി 16 ന് സ്കൂളിൽ പോയ ശേഷം കാണാതായതോടെയാണ് സംഭവം ആരംഭിക്കുന്നത്. കുട്ടിയുടെ കുടുംബം പ്രാദേശിക പൊലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാതായതായി പരാതി നൽകി. 2025 ഫെബ്രുവരി 17 ന് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് പൊലീസ് കുട്ടിയെ പ്രതിയോടൊപ്പം കണ്ടെത്തി. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി ജയിലിലേക്ക് അയച്ചു. ആദ്യം പന്ന കോട്വാലി പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസ് പിന്നീട് ഛത്തർപൂർ ജില്ലയിലെ ജുഝർ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അതിജീവിതയായ കുട്ടിയെ പുനരധിവാസത്തിനായി പന്ന സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കുകയും പന്നയിലെ വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ കമ്മിറ്റി നിർബന്ധിത നടപടിക്രമങ്ങൾ മറികടന്ന് പ്രതിയുടെ സഹോദരഭാര്യയുടെ വീട്ടിലേക്ക് അയക്കുകയും ജയിൽ മോചിതനായി തിരിച്ചെത്തിയ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തതായുമാണ് റിപ്പോർട്ട്. തുടർന്ന് പ്രതി വീണ്ടും അറസ്റ്റിലായി.
മാധ്യമ റിപ്പോർട്ടുകളിലൂടെ വിവരങ്ങൾ പുറത്തുവന്നതോടെ ഛത്തർപൂർ പൊലീസ് വിഷയത്തിൽ നടപടിയെടുക്കുകയായിരുന്നു. അഡീഷണൽ പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ് ലവ്കുഷ്നഗറിന്റെ മേൽനോട്ടത്തിൽ എസ്ഡിഒപി നവീൻ ദുബെ അന്വേഷണത്തിന് നേതൃത്വം നൽകി. ഒന്നിലധികം നിയമ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണ നൽകിയതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ചെയർമാനും അംഗങ്ങൾക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷൻ 17 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ടെന്നും നവീൻ ദുബെ പറഞ്ഞു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ഒഎസ്‌സിയുടെ അഡ്മിനിസ്ട്രേറ്റർക്കും കൗൺസിലർക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷൻ 21 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ വനിതാ ശിശു വികസന ഓ ഓഫീസർക്കെതിരെ പോക്സോ നിയമത്തിലെ സെക്ഷൻ 21, എസ്‌സി/എസ്ടി ആക്ടിലെ സെക്ഷൻ 4, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 199, 239 എന്നിവ പ്രകാരം കർത്തവ്യലംഘനത്തിനും നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Adjust Story Font
16

