കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കേന്ദ്രം നടപടി എടുത്തില്ലെങ്കിൽ നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവരുമെന്ന് സുപ്രിംകോടതി
പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി

ന്യൂഡൽഹി: കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗത്തിന് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് നൽകിയ പൊതുതാൽപര്യ ഹരജിയാണിത്.
പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എടുക്കാൻ സാധിക്കുന്ന സാഹചര്യം ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി സോഷ്യൽ മീഡിയ ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16

