Quantcast

'ഇന്നും ഒരു ദളിതന് കുതിരപ്പുറത്ത് സഞ്ചരിക്കാൻ അനുവാദമില്ല, ജാതി സെൻസസ് അനിവാര്യം': കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

ജാതിയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിന് പല രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്നും പാസ്വാന്‍

MediaOne Logo

Web Desk

  • Published:

    17 May 2025 10:44 AM IST

ഇന്നും ഒരു ദളിതന് കുതിരപ്പുറത്ത് സഞ്ചരിക്കാൻ അനുവാദമില്ല, ജാതി സെൻസസ് അനിവാര്യം: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ
X

പറ്റ്‌ന: ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മേധാവിയുമായ ചിരാഗ് പാസ്വാൻ.

ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ജാതി വിവേചനം പരിഹരിക്കുന്നതിനും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ജാതി സെൻസസ് നിർണയകമാണെന്നു ചിരാഗ് പാസ്വാൻ പറഞ്ഞു. നെറ്റ്‌വർക്ക് 18 സംഘടിപ്പിച്ച 'പവറിങ് ഭാരത്' എന്ന പരിപാടിയിൽ സംസാരിക്കവേ ആണ് പാസ്വാൻ ഇന്ത്യയിലെ ജാതി വിവേചനത്തെ കുറിച്ച് മനസ് തുറന്നത്.

''നമ്മുടെ സമൂഹം ഇപ്പോഴും ജാതിയുടെ പേരിൽ വിഭജിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ വിവേചനത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഇന്നും ഒരു ദലിതന് അവരുടെ ജാതി കാരണം കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ അനുവാദമില്ല. അതുകൊണ്ട് തന്നെ ഞാൻ ജാതി സെൻസസിനെ പിന്തുണയ്ക്കുന്നു''- പാസ്വാൻ പറഞ്ഞു. ജാതിയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിന് പല രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്നും പാസ്വാന്‍ വ്യക്തമാക്കി.

ജാതി സെൻസസ് എല്ലാ മേഖലകളിലും ന്യായമായ പ്രാതിനിധ്യത്തിന് സഹായിക്കും എന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനുള്ള തന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. സംവരണ പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ദേശീയ സെൻസസിന്റെ ഭാഗമായി ജാതി സെൻസസ് നടത്തുമെന്ന് ഏപ്രിലിൽ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story