ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം; പൗരത്വം തീരുമാനിക്കേണ്ടത് തെര.കമ്മീഷനല്ലെന്ന് സുപ്രിംകോടതി
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണെന്നും കോടതി വിമർശിച്ചു

ന്യൂഡല്‍ഹി:പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ലെന്ന് സുപ്രിംകോടതി. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണെന്നും കോടതി വിമർശിച്ചു. ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനാണെന്നും സുപ്രിംകോടതി ചോദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
നടപടി നിർത്തലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ഒഴിവാക്കിയതാണ് പ്രധാന പ്രശ്നമെന്ന് ഹരജിക്കാര്‍ വാദിച്ചു.
തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി നേതാവ് കെ.സി. വേണുഗോപാൽ, ആര്‍ജെഡി എംപി മനോജ് ഝാ, ആക്ടിവിസ്റ്റുകളായ യോഗേന്ദ്ര യാദവ്, അർഷാദ് അജ്മൽ, എൻജിഒകൾ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവരുടെ ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നാണ് ഹരജികളിലെ പ്രധാന വാദം. രാജ്യത്തെ പൗരന്റെ വോട്ട് അവകാശം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാല്‍ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയാൽ ആർട്ടിക്കിൾ 19ന്റെ ലംഘനമെന്ന് കപിൽ സിബൽ വാദിച്ചു. 2025ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന എല്ലാവരും പുതിയ വോട്ടർ പട്ടികയിലും ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണ നൽകി.
വോട്ടർ പട്ടികയിൽ മാതാപിതാക്കളുടെ പേര് ഇല്ലാത്തവർ മാത്രമാണ് പൗരത്വം തെളിയിക്കേണ്ട രേഖകൾ നൽകേണ്ടതെന്നും 60%പേർ ഇത് സംബന്ധിക്കുന്ന രേഖകൾ നൽകി എന്നും കമ്മീഷൻ വ്യക്തമാക്കി. തുടർവാദം കേൾക്കുന്നത് ജൂലൈ 21ലേക്ക് മാറ്റി.
അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്‌കരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാല്‍ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരെയും പട്ടികയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
ജൂണ്‍ 24നാണ് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരിക്കല്‍ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനുമുന്‍പ് 2003ലാണ് സമഗ്രപരിഷ്‌കരണം വന്നത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ് 25നകം എന്യുമറേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
Adjust Story Font
16

