Quantcast

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ നിയമനടപടി തുടരുന്നത് വിശ്വാസവഞ്ചന; കേന്ദ്രം വാക്ക് പാലിക്കണം: സിജെപി

സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ തങ്ങൾ തുടർനടപടികളിലേക്ക് കടക്കുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് മുന്നറിയിപ്പ് നൽകി

MediaOne Logo
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ നിയമനടപടി തുടരുന്നത് വിശ്വാസവഞ്ചന; കേന്ദ്രം വാക്ക് പാലിക്കണം: സിജെപി
X

ന്യൂഡൽഹി: അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സിജെപി. വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളും മറ്റു പ്രതിഷേധക്കാരും സംസ്ഥാന ഏജൻസികളാൽ ലക്ഷ്യമിടപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരെ ഇപ്പോഴോ ഭാവിയിലോ ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധം പിൻവലിച്ചിരുന്നത്. അതിനാൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഗുരുതരമായ ആശങ്കയുണർത്തുന്നവയാണ്. തടങ്കലിൽ വച്ചിരിക്കുന്നവരുടെ മോചനം ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ലഭ്യമാക്കുന്നതിനുമായി തങ്ങളുടെ ലീഗൽ ടീം പ്രസ്തുത സംസ്ഥാനങ്ങളിലെ മികച്ച വക്കീലന്മാരുമായി ഇതിനകം ഏകോപനം നടത്തിവരികയാണെന്നും സൗരവ് ദാസ്് വ്യക്തമാക്കി.

തടവിലാക്കപ്പെട്ടവരുടെ മോചനവും ഒരു പ്രതിഷേധിക്കാരനെതിരെയും ബലപ്രയോഗമോ പ്രതികാര നടപടികളോ ഉണ്ടാകില്ലെന്നും കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതാണ്. ഇത് പാലിക്കാൻ തയ്യാറാവണം. മുഴുവൻ എഫ്‌ഐആറുകളും പിൻവലിക്കണം. ജൂലൈ 28 (ചൊവ്വ)നകം ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് തങ്ങൾക്ക് നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കണം. തങ്ങൾ നൽകിയ വാക്ക് സർക്കാർ പാലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് രാജ്യവ്യാപക പ്രതിഷേധം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. ആ ഉറപ്പിൽ നിന്നുള്ള ഏതൊരു പിന്മാറ്റവും കോക്രോച്ച് ജനതാ പാർട്ടിയോടുള്ള വഞ്ചന മാത്രമല്ല, പ്രതിഷേധത്തേക്കാൾ ഉപരി ചർച്ചകൾക്ക് മുൻഗണന നൽകിയ ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളോടുള്ള വിശ്വാസ വഞ്ചന കൂടിയായിരിക്കും. വിശ്വാസവഞ്ചന അടങ്ങുന്ന ഇത്തരമൊരു നിലപാട് യുവാക്കൾക്ക് ഒട്ടും സ്വീകാര്യമായിരിക്കില്ല.

വെറുതെ വാഗ്ദാനങ്ങൾ നൽകുന്നതിലൂടെയല്ല, മറിച്ച് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലൂടെയാണ് തങ്ങൾക്ക് വിശ്വാസ്യത ലഭിക്കുന്നത് എന്ന് സർക്കാർ ഓർക്കണം. തളരരുത്, തങ്ങൾ നിങ്ങളോടൊപ്പമുണ്ട് എന്നാണ് യുവ പ്രതിഷേധക്കാരോട് പറയാനുള്ളത്. സിജെപി നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന ഉത്തരവാദിത്തബോധം സർക്കാർ കാണിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. തടവിലാക്കപ്പെട്ടവരെയും അറസ്റ്റ് ചെയ്യപ്പെട്ടവരെയും നാളെയോടെ മോചിപ്പിക്കണമെന്നും എല്ലാ എഫ്‌ഐആറുകളും ഉടനടി പിൻവലിക്കണം. അല്ലെങ്കിൽ തങ്ങൾ തുടർനടപടികളിലേക്ക് കടക്കുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story