Quantcast

ഗുജറാത്തിലെ ബറൂച്ച് മസ്ജിദില്‍ അവകാശവാദവുമായി ഹിന്ദുത്വ- ജൈന സംഘടനകള്‍; കലക്ടര്‍ക്ക് നിവേദനം നല്‍കി

2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെടുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത ഭാവേഷ് പട്ടേൽ എന്ന 'സ്വാമി മുക്താനന്ദ്' റാലിക്ക് നേതൃത്വം നൽകിയവരിൽ ഉൾപ്പെടുന്നു

MediaOne Logo
ഗുജറാത്തിലെ ബറൂച്ച് മസ്ജിദില്‍  അവകാശവാദവുമായി ഹിന്ദുത്വ- ജൈന സംഘടനകള്‍; കലക്ടര്‍ക്ക് നിവേദനം നല്‍കി
X

വഡോദര: ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ ബറൂച്ചിലെ ജുമാ മസ്ജിദിന്റെ 'യഥാർഥ സ്വത്വം' നിലനിർത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലി. തീവ്രഹിന്ദുത്വ സംഘടനയായ ചക്രധർ സ്വാമി നാഷണൽ ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റി, വിവിധ ജൈന സംഘടനകൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബറൂച്ചില്‍ മാർച്ച് സംഘടിപ്പിച്ചത്.

മസ്ജിദ്, പുരാതന ജൈന ക്ഷേത്രമായിരുന്നുവെന്നും പന്ത്രണ്ടാം നൂറ്റാണ്ടിലെ സന്യാസി ചക്രധർ സ്വാമിയുടെ ജന്മസ്ഥലമായിരുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ അവകാശവാദം. പ്രതിഷേധത്തിന് ശേഷം ഇവർ ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിച്ചു.

ഹോസ്റ്റൽ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്ററോളം സഞ്ചരിച്ചാണ് റാലി കലക്ടറേറ്റിൽ എത്തിയത്. മസ്ജിദിനുള്ളിൽ പുരാതന വിഗ്രഹങ്ങളും ഹൈന്ദവ ആരാധനാ ചിഹ്നങ്ങളും ഉണ്ടെന്നാണ് ചക്രധർ സ്വാമി നാഷണൽ ഹെറിറ്റേജ് കമ്മിറ്റി ആരോപിക്കുന്നത്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണയിലുള്ളതാണ് ഈ പള്ളി. പ്രതിഷേധം ഭയന്ന് ഇവിടെ വലിയ രീതിയിലുള്ള ജനക്കൂട്ടം തടിച്ചുകൂടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് എഎസ്ഐ ജില്ലാ ഭരണകൂടത്തിന് കത്തയച്ചിരുന്നു. എന്നാൽ ഇത് മറികടന്നാണ് കളക്ടറേറ്റിലേക്ക് ഒരു കിലോമീറ്ററോളം നീണ്ട മാര്‍ച്ച് സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ചക്രധർ സ്വാമിയുടെ അനുയായികള്‍ മാർച്ചിൽ പങ്കെടുത്തുവെന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്.

2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെടുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത ഭാവേഷ് പട്ടേൽ എന്ന 'സ്വാമി മുക്താനന്ദ്' റാലിക്ക് നേതൃത്വം നൽകിയവരിൽ ഉൾപ്പെടുന്നു. പുരാതന ജൈന ക്ഷേത്രവും ചക്രധർ സ്വാമിയുടെ ജന്മസ്ഥലവുമായിരുന്ന സ്ഥലം ഇസ്ലാമിക ഭരണാധികാരികൾ പള്ളിയാക്കി മാറ്റിയതാണെന്ന് സ്വാമി മുക്താനന്ദ് ആരോപിച്ചു. നിലവിൽ എഎസ്ഐയുടെ കീഴിലുള്ള ഈ ചരിത്ര സ്മാരകത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നിലവിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലെന്നും ജില്ലാ പൊലീസ് സൂപ്രണ്ടും എഎസ്ഐ അധികൃതരും സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ബരൂച് ജില്ലാ കളക്ടർ ഡോ. നവനീത് ഗവ്ഹാനെ വ്യക്തമാക്കി. സ്മാരകത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് എഎസ്ഐ ആണെന്നും കലക്ടര്‍ കൂട്ടിച്ചേർത്തു.

TAGS :

Next Story