Quantcast

സ്‌കൂൾ പരിസരത്ത് സംഘർഷം; പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാല പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്

MediaOne Logo
സ്‌കൂൾ പരിസരത്ത് സംഘർഷം; പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു
X

ബെംഗളൂരു: കർണാടകയിലെ ശിവമോഗയിലെ ഉറഗദൂരിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാലത്തുള്ള പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്. സുലെബൈലു ഗവൺമെന്റ് ഹൈസ്കൂളിന് സമീപമാണ് സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ പരിസരത്ത് നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. അഞ്ച് മുതൽ ആറ് വരെയുള്ള ആൺകുട്ടികൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് വിദ്യാർഥി കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

പ്രതികളിൽ ചിലർ അതേ സ്കൂളിലെ പൂർവ വിദ്യാർഥികളാണെന്നും പിന്നീട് പഠനം ഉപേക്ഷിച്ചവരാണെന്നുമാണ് കണ്ടെത്തൽ. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ശിവമോഗ എംഎൽഎ എസ്എൻ ചന്നബസപ്പ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണ് ഇതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മറ്റൊരാൾക്കെതിരായ ആക്രമണത്തിൽ ഇടപെടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്നും ഉറഗദൂരിലെ സംഘർഷത്തെക്കുറിച്ച് മുമ്പ് പരാതികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"രാത്രി 9.30 വരെ സ്പെഷ്യൽ ക്ലാസ് നടന്നു. ക്ലാസ് കഴിഞ്ഞതിനു ശേഷമാണ് ആക്രമണം നടന്നത്. ഞാൻ വിദ്യാർഥികളോട് സംസാരിച്ചു, വഴക്കുകളും ആക്രമണങ്ങളും ആദ്യമായല്ല സംഭവിക്കുന്നത് എന്ന് അവർ പറഞ്ഞു." എംഎൽഎ പറഞ്ഞു.

ഈ ആക്രമണങ്ങൾ ഉൾപ്പെടെ സമീപ ഗ്രാമങ്ങളിൽ സംഭവങ്ങളിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും പൊലീസിന്റെ പ്രതികരണം അപര്യാപ്തമാണെന്ന് എംഎൽഎ പറഞ്ഞു.

TAGS :

Next Story