വിവാഹമോചന ഹരജി: വിജയിയും സംഗീതയും ഇന്ന് ഹാജരായില്ല
ഹരജി ആഗസ്റ്റ് ഏഴിന് പരിഗണിക്കാനായി മാറ്റി

- Published:
15 Jun 2026 5:02 PM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹരജി ചെങ്കല്‍പേട്ട് കുടുംബ കോടതി ആഗസ്റ്റ് ഏഴിന് പരിഗണിക്കാന്‍ മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇരുവരും നേരിട്ട് ഹാജരായില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ ഇരുവരും അനുമതി തേടിയിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹരജി നല്‍കിയത്. കേസ് ആദ്യം ഏപ്രില്‍ 20നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആദ്യ ഹിയറിങ്ങില്‍ വിജയും സംഗീതയും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജൂണ്‍ 15ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
വിജയിയുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹരജി ഫയല്‍ ചെയ്തത്. 1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. ഗുരുതരമായ ആരോപണങ്ങളാണ് നടനെതിരെ വിവാഹ മോചന ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകയായ നടിയുമായുള്ള ബന്ധത്തില്‍ ആവര്‍ത്തിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടര്‍ന്നുവെന്ന് സംഗീത ആരോപിക്കുന്നു. 2021 ഏപ്രിലില്‍ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടും പാലിച്ചില്ലെന്ന് ഹരജിയില്‍ പറയുന്നു.
താന്‍ കടുത്ത മാനസിക സംഘര്‍ഷവും അവഗണനയും അനുഭവിച്ചതായും സംഗീത പറയുന്നു. തനിക്ക് മുന്‍പ് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ വിജയ് നിഷേധിച്ചതായും സാമ്പത്തിക നിയന്ത്രണങ്ങളും സഞ്ചാര സ്വാതന്ത്ര്യത്തില്‍ വിലക്കുകളും ഏര്‍പ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.
വിജയിയും സംഗീതയും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചതായി ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അത്തരം കാര്യങ്ങള്‍ ഇന്ന് ജഡ്ജിക്ക് മുന്നില്‍ പരാമര്‍ശിച്ചതായി റിപ്പോര്‍ട്ടുകളില്ല.
Adjust Story Font
16
