Quantcast

കർണാടകയിൽ വർഗീയ അസ്വസ്ഥത; തമിഴ്‌നാട്ടിലേക്ക് നിരവധി ഐടി കമ്പനികൾ, നിക്ഷേപ സംഗമം നടത്തുമെന്ന് ധനകാര്യ മന്ത്രി

ഹിജാബ്, ഹലാൽ മാംസം, ഉത്സവങ്ങളിൽ മുസ്‌ലിം കച്ചവടക്കാരെ വിലക്കൽ, ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം എന്നിവയുമായി ഹിന്ദുത്വ സംഘടനകൾ കർണാടകയിൽ രംഗത്തെത്തിയിരിക്കെയാണ് ഐടി കമ്പനികൾ മറ്റിടങ്ങളിലേക്ക് നീങ്ങുന്ന വാർത്ത വരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-04-10 02:53:28.0

Published:

9 April 2022 4:28 PM GMT

കർണാടകയിൽ വർഗീയ അസ്വസ്ഥത; തമിഴ്‌നാട്ടിലേക്ക് നിരവധി   ഐടി കമ്പനികൾ, നിക്ഷേപ സംഗമം നടത്തുമെന്ന് ധനകാര്യ മന്ത്രി
X

തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താൻ നിരവധി ഐടി കമ്പനികളെത്തുന്നുവെന്നും അതിനാൽ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജൻ. കർണാടകയിൽ വർഗീയ സംഘർഷം പടരവേയാണ് മന്ത്രിയുടെ പ്രസ്താവനയെങ്കിലും എവിടെയുള്ള കമ്പനികളാണ് എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാൽ കർണാടകയിലെ ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ.ടി കമ്പനികൾ തമിഴ്‌നാട്ടിലേക്ക് നീങ്ങുന്നതായാണ് ദി പ്രിൻറ്.ഇൻ റിപ്പോർട്ട് ചെയ്യുന്നത്. വിവിധ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനായി സിംഗപ്പൂർ, യുഎസ്എ, യു.കെ എന്നിവിടങ്ങളിൽ നിക്ഷേപ സംഗമങ്ങൾ നടത്തുമെന്നും ഡൽഹിയിൽ ഡിഎംകെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മന്ത്രി പറഞ്ഞു.

ഹിജാബ്, ഹലാൽ മാംസം, ഉത്സവങ്ങളിൽ മുസ്‌ലിം കച്ചവടക്കാരെ വിലക്കൽ, ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം എന്നിവയുമായി ഹിന്ദുത്വ സംഘടനകൾ കർണാടകയിൽ രംഗത്തെത്തിയിരിക്കെയാണ് ഐടി കമ്പനികൾ മറ്റിടങ്ങളിലേക്ക് നീങ്ങുന്ന വാർത്ത വരുന്നത്.



കർണാടകയിൽ അരങ്ങേറുന്ന മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മസുംദാർ ഷാ ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ക്ഷേത്ര ഉത്സവങ്ങളിൽനിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കാൻ ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം. ആദ്യമായാണ് കോർപറേറ്റ് തലത്തിൽ നിന്നൊരാൾ വിഷയത്തിൽ ഇടപെടുന്നത്. ടെക്, ബയോടെക് മേഖലകളിൽ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വർഗീയതയിലൂടെ ഇല്ലാതായേക്കുമെന്ന് ട്വിറ്ററിലെഴുതിയ കുറിപ്പിൽ അവർ ഓർമിപ്പിക്കുകയായിരുന്നു.


'കർണാടക എല്ലാവരെയും ചേർത്തുനിർത്തിയുള്ള സാമ്പത്തിക വികസനമാണ് പടുത്തുയർത്തിയിട്ടുള്ളത്. അത്തരം വർഗീയ വിവേചനം നാം അനുവദിക്കാൻ പാടില്ല. ഇൻഫോർമേഷൻ ടെക്നോളജി, ബയോടെക്നോളജി രംഗം വർഗീയമായാൽ അതു നമ്മുടെ നേതൃസ്ഥാനം ഇല്ലാതാക്കും. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മ ദയവ് ചെയ്ത് വളർന്നുവരുന്ന ഈ മതപരമായ വിവേചനം അവസാനിപ്പിക്കണം' മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രി പുരോഗമനപരമായി ചിന്തിക്കുന്നയാളാണെന്നും അദ്ദേഹം പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കരുതുന്നതായും അവർ മറ്റൊരു ട്വീറ്റിൽ പ്രത്യാശ പ്രകടിപ്പിച്ചു.


എന്നാൽ കിരൺ മസുംദാർ ഷായെ പോലെയൊരാൾ ഐടബിടി സെക്ടറിൽ തങ്ങളുടെ രാഷ്ട്രീയ നിറമുള്ള അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് ബിജെപി ദേശീയ ഐടി സെൽ തലവൻ അമിത് മാളവ്യ വിമർശിച്ചിരുന്നു.

കർണാടക ഇന്ത്യയുടെ ഐടി ഹബ്ബ്; ലോകത്ത് നാലാമത്

ഇന്ത്യയുടെ ഐടി ഹബ്ബായ കർണാടക ലോകത്തിൽ നാലാം സ്ഥാനത്തുള്ള ടെക്‌നോളജി ക്ലസ്റ്ററാണ്. ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽസ്, ഗാർമെൻറ്‌സ്, ബയോടെക്‌നോളജി, അഗ്രോ ഇൻഡസ്ട്രീസ്, ഹെവി എൻജിനിയറിങ് എന്നിവയടക്കം നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്തുള്ളത്. ഐടി, ബയോടെക്‌നോളജി, ഭക്ഷ്യ സംസ്‌കരണം, എയറോസ്‌പൈസ്, എൻജിനിയറിങ് എന്നിവക്കായി പ്രത്യേക ഇകണോമിക് സോണുകളുമുണ്ട്.

Communal unrest in Karnataka; IT companies moves Tamil Nadu

TAGS :

Next Story