ബുക്ക് ചെയ്ത ബെര്‍ത്ത് നല്‍കിയില്ല, നിന്ന് യാത്ര ചെയ്യേണ്ടിവന്നു; റെയില്‍വേക്ക് ടിക്കറ്റിൻ്റെ പത്തിരട്ടി പിഴയിട്ട് ഉപഭോക്തൃ കോടതി
ബുക്ക് ചെയ്ത ബെര്‍ത്തുകളില്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ് യാത്ര ചെയ്തത്

- Published:
28 May 2026 4:52 PM IST

പാട്‌ന: ട്രെയിന്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ബെര്‍ത്ത് നല്‍കാത്ത സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് ടിക്കറ്റ് നിരക്കിന്റെ പത്തിരട്ടി തുക പിഴയിട്ട് ഉപഭോക്തൃ കോടതി. ബിഹാറിലെ ഭോജ്പൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. ബെര്‍ത്ത് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നിന്ന് യാത്രചെയ്യേണ്ടിവന്ന നാല് യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്.
യുപിയിലെ വിദ്യാഞ്ചലില്‍ നിന്ന് ബിഹാറിലെ ആരയിലേക്ക് പാട്‌ന എക്‌സ്പ്രസില്‍ ബെര്‍ത്ത് റിസര്‍വ് ചെയ്തവര്‍ക്കാണ് റെയില്‍വേ അധികൃതര്‍ ബെര്‍ത്ത് നിഷേധിച്ചത്. ഇവരുടെ ബെര്‍ത്തുകളില്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ് യാത്ര ചെയ്തത്. ടിടിഇയെ ബന്ധപ്പെട്ട് കാര്യം പറഞ്ഞെങ്കിലും ബെര്‍ത്തുകള്‍ ഒഴിഞ്ഞുനല്‍കിയില്ല. തുടര്‍ന്ന് ട്രെയിനില്‍ നിന്ന് യാത്ര പൂര്‍ത്തിയാക്കേണ്ടിവന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ യാത്രക്കാര്‍ നേരിട്ടെന്ന് ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് തുകയായ 1876 രൂപ എട്ട് ശതമാനം പലിശയോടെ യാത്രക്കാര്‍ക്ക് തിരികെ നല്‍കണം. 20,000 രൂപ നഷ്ടപരിഹാരമായും 15,000 രൂപ കോടതിച്ചെലവുകള്‍ക്കായും രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നും വിധിച്ചു. കൃത്യസമയത്തിനുള്ളില്‍ തുക നല്‍കിയില്ലെങ്കില്‍ 10 ശതമാനം പലിശ ചുമത്തുമെന്നും കോടതി പറഞ്ഞു.
Adjust Story Font
16
