കര്‍ണാടകയില്‍ ജാതി വിവരങ്ങളില്‍ വീണ്ടും കണക്കെടുപ്പ് നടത്താന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാര്‍ട്ടി
സര്‍വേയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി ചില സമുദായത്തില്‍പ്പെട്ടവര്‍ ആശങ്ക പ്രകടിപിച്ചതിനാലാണ് വീണ്ടും കണക്കെടുപ്പ്

ബംഗളൂരു: കര്‍ണാടകയില്‍ ജാതി വിവരങ്ങളില്‍ വീണ്ടും കണക്കെടുപ്പ് നടത്താന്‍ കര്‍ണാടക സര്‍ക്കാരിനോട് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 10 വര്‍ഷം മുമ്പ് നടത്തിയ സര്‍വേയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി ചില സമുദായത്തില്‍പ്പെട്ടവര്‍ പരാതിപ്പെട്ടതിന്റെ ഭാഗമായാണ് വീണ്ടും ഇവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കണക്കെടുപ്പ് നടത്താന്‍ പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ദേശീയ സെന്‍സസിന്റെ ഷെഡ്യൂള്‍ കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററുമായ ഡി.കെ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ജാതി സെന്‍സസ് പ്രധാന സംസ്ഥാന വിഷയങ്ങളില്‍ ഒന്നായി ഉയര്‍ന്നു. യോഗത്തില്‍ ജാതി സെന്‍സസ് ചര്‍ച്ചയായെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാല്‍ പറഞ്ഞു.
ജാതി സെന്‍സസില്‍ കര്‍ണാടക സര്‍ക്കാര്‍ എന്തു ചെയ്താലും അംഗീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ ജാതി കണക്കെടുക്കുന്നതില്‍ ചില സമുദായങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാര്‍ ഒരു ദശാബ്ദം മുമ്പാണ് ജാതി സെന്‍സസ് നടത്തിയത്. ഇപ്പോള്‍ ആ ഡാറ്റ കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ 60-80 ദിവസത്തിന് ഉള്ളില്‍ വീണ്ടും കണക്കെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജാതി സെന്‍സസിനെക്കുറിച്ച് ഈ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍സിബി ഐപിഎല്‍ വിജയ ആഘോഷത്തിനിടെയുണ്ടായ ദുരന്തവും യോഗത്തില്‍ ചര്‍ച്ചയായി. കേന്ദ്ര വിഹിതത്തില്‍ നിന്നും കര്‍ണാടക സര്‍ക്കാരിനെ പൂര്‍ണ്ണമായും അവഗണിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു. കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്രം അനീതി കാട്ടുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയെ ഒരു മൂലയിലേക്ക് ഒതുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16

