Quantcast

ദക്ഷിണ കന്നഡയിലെ കൊലപാതകങ്ങൾ തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയം; കോൺഗ്രസിൽ മുസ്‌ലിം നേതാക്കളുടെ കൂട്ടരാജി

ബോലാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നേതാക്കൾ രാജി പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    29 May 2025 6:26 PM IST

Congress Minority leaders in DK resigned
X

മംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമെന്ന് കർണാടക കോൺഗ്രസിൽ വിമർശനം. ദക്ഷിണ കന്നഡയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും നേതാക്കൾ വിമർശിച്ചു. സർക്കാറിന്റെ അവഗണനയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് നിരവധി നേതാക്കൾ രാജിവെച്ചു.

ബോലാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നേതാക്കൾ രാജി പ്രഖ്യാപിച്ചത്. ബൂത്ത്തലം മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള നേതാക്കൾ പങ്കെടുത്ത യോഗം നിരവധി വൈകാരിക രംഗങ്ങൾക്കും സാക്ഷ്യംവഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി എം.എസ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ന്യൂനപക്ഷ കോൺഗ്രസ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ശാഹുൽ ഹമീദ് കൊളത്തമജലു പള്ളിയുടെ സെക്രട്ടറി അബ്ദുറഹ്മാന്റെ കൊലപാതകത്തെ തുടർന്ന് ദക്ഷിണ കന്നഡയിലെ ക്രമസമാധാനനില വഷളായതിൽ നിരാശ പ്രകടിപ്പിച്ചു.

യോഗത്തിനിടെ പാർട്ടി പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറി നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും നേതൃത്വം മുസ് ലിം സമുദായത്തിന്റെ വികാരത്തിന് ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എം.എസ് മുഹമ്മദ്, അബ്ദുൽ റഊഫ്, സുഹൈൽ കണ്ടക് തുടങ്ങിയ നേതാക്കളെ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമായി തുടരുകയായിരുന്നു.

അബ്ദുറഹ്മാന്റെ കൊലപാതകത്തിൽ സർക്കാർ നടപടികൾ പരിശോധിച്ച ശേഷം ഒരാഴ്ചക്കകം രാജിയിൽ തീരുമാനമെടുക്കാനായിരുന്നു നേതാക്കൾ ആലോചിച്ചിരുന്നത്. എന്നാൽ പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തിയതോടെ നേതാക്കൾ പരസ്യമായി രാജി പ്രഖ്യാപിക്കുകയായിരുന്നു.

സുഹൈൽ കണ്ഡക് ആണ് ആദ്യം രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ശാഹുൽ ഹമീദ്, എം.എസ് മുഹമ്മദ് തുടങ്ങിയവരും രാജി പ്രഖ്യാപിച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും സർക്കാരിനും ശക്തമായ മുന്നറിയിപ്പ് നൽകുന്നതിനാണ് രാജിയെന്ന് നേതാക്കൾ പറഞ്ഞു.

TAGS :

Next Story