ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തം, പ്രധാനമന്ത്രിയുടേത് നേട്ടം തട്ടിയെടുക്കാനുള്ള ശ്രമം; വിമർശനവുമായി കോൺഗ്രസ്
നഷ്ടപരിഹാരത്തുക അഞ്ച് വർഷത്തേക്ക് കൂടി നീട്ടുക എന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും 2017ലെ പ്രതിപക്ഷമാണ് ജിഎസ്ടി സ്ലാബ് പരിഷ്‌കരിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടിയതെന്നും കോൺഗ്രസ് വക്താവ് ജയ്‌റാം രമേഷ്

ന്യൂഡൽഹി: ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമാണെന്ന് കോൺഗ്രസ്. പുതിയ പരിഷ്‌കാരത്തിൽ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ പ്രതിപാദിക്കുന്നില്ല. ജിഎസ്ടി പരിഷ്‌കരണം നടത്തിയത് താനാണെന്ന അവകാശവാദത്തിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
നഷ്ടപരിഹാരത്തുക അഞ്ച് വർഷത്തേക്ക് കൂടി നീട്ടുക എന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും കോൺഗ്രസ് വക്താവ് ജയ്‌റാം രമേഷ് എക്‌സിൽ കുറിച്ചു. 2017ലെ പ്രതിപക്ഷമാണ് ജിഎസ്ടി സ്ലാബ് പരിഷ്‌കരിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടിയതെന്നും ജയ്‌റാമിന്റെ പോസ്റ്റിൽ പറയുന്നു.
കോൺഗ്രസ് നടപ്പിലാക്കിയ നികുതി പരിഷ്‌കാരങ്ങളെ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒൻപത് വർഷമായി ജനങ്ങളുടെ മേൽ കൊള്ള ടാക്‌സ് ചുമത്തി. നിത്യോപയോഗ സാധനങ്ങൾക്ക് പോലും നികുതി ഏർപ്പെടുത്തിയത് ജനങ്ങൾ മറക്കില്ലെന്നുമാണ് ഖാർഗെ പ്രതികരിച്ചത്.
നാളെ മുതൽ ജിഎസ്ടി പരിഷ്‌കരണം നിലവിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 99 ശതമാനം ഉത്പന്നങ്ങളുടെയും വിലകുറയുമെന്നും വികസനക്കുതിപ്പിന് പുതിയ തലമുറ ജിഎസ്ടി പരിഷ്‌കാരം ഇടയാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
രണ്ടരലക്ഷം കോടിയുടെ നേട്ടമാണ് ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത്. നികുതി സ്‌ളാബുകൾ അഞ്ച്,18 എന്നിങ്ങനെ ചുരുങ്ങുന്നതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലയിലുള്ളവർക്കും ഗുണം കിട്ടും. പൗരന്മാരാണ് ദൈവം എന്ന മന്ത്രവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സംസ്ഥാനങ്ങളുമായി ചർച്ച നടത്തി വിശ്വാസത്തിലെടുത്താണ് മാറ്റം വരുത്തുന്നത്. നവരാത്രി ദിവസത്തിന്റെ സമാരംഭത്തിൽ വിലക്കുറവിന്റെ മധുരം എത്തുമെന്നും മോദി അവകാശപ്പെട്ടു
Adjust Story Font
16

