Quantcast

'11 വർഷത്തിനിടെ പെട്രോളിയം മേഖലയിൽ നിന്ന് സർക്കാർ വാരിയത് 39.54 ലക്ഷം കോടി'; ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കോൺഗ്രസ്

സർക്കാർ നയങ്ങൾ സ്വകാര്യ എണ്ണക്കമ്പനികളെ സഹായിച്ചത് എങ്ങനെയാണെന്ന് സിഎജി ഓഡിറ്റ് ചെയ്യണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    13 April 2025 3:19 PM IST

Congress reveal fuel excise duty loot under Modi government
X

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ച് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ്. കേന്ദ്ര സർക്കാർ നയങ്ങൾ സ്വകാര്യ കമ്പനികൾക്ക് എങ്ങനെയെല്ലാം ഗുണം ചെയ്തുവെന്ന് സിഎജി അന്വേഷിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മനപ്പൂവർമായ അവഗണനയോ ഒത്തുകളിയോ ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര വിജിലൻസ് കമ്മീഷനും സിബിഐയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നികുതി വർധിപ്പിച്ച് മോദി സർക്കാർ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നു. അതേസമയം പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള എണ്ണക്കമ്പനികൾ വൻതോതിൽ ലാഭമുണ്ടാക്കുകയാണ്. ഇത് തുറന്ന സാമ്പത്തിക ചൂഷണമാണെന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു.

2014 മേയിൽ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 9.20 രൂപയും ഡീസലിന്റേത് 3.46 രൂപയുമായിരുന്നു. മോദി സർക്കാർ അത് യഥാക്രമം 19.90 രൂപയും 15.80 രൂപയുമായി വർധിപ്പിച്ചു. പെട്രോളിന് 357 ശതമാനവും ഡീസലിനും 54 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്.

കഴിഞ്ഞ 11 വർഷത്തിനിടെ പെട്രോളിയം മേഖലയിൽ നിന്ന് സർക്കാർ 39.54 ലക്ഷം കോടി രൂപ നേടിയെന്ന് ജയറാം രമേശ് പറഞ്ഞു. എന്നിട്ടും ജനങ്ങൾക്ക് ഒരു ആശ്വാസവും നൽകിയില്ല. 2014 മേയിൽ ക്രൂഡ് ഓയിൽ ബാരലിന് 108 ഡോളറായിരുന്നു. ഇന്ന് അത് 65.31 ഡോളറാണ്. അതായത് 40 ശതമാനം വില കുറഞ്ഞു. എന്നിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില യുപിഎ കാലത്തുള്ളതിനെക്കാൾ കൂടുതലാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

2014ൽ ഡൽഹിയിൽ പെട്രോളിന് 71.41 രൂപയും ഡീസലിന് 55.49 രൂപയുമായിരുന്നു. ഇന്ന് പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്. പൊതുജനങ്ങളെ പരസ്യമായി കൊള്ളയടിക്കുകയാണ്. ആർക്കാണ് ഇതിന്റെ പ്രയോജനം? സർക്കാർ കമ്പനികൾക്കൊപ്പം സ്വകാര്യ എണ്ണക്കമ്പനികളും ശുദ്ധീകരണത്തിലൂടെയും വിപണനത്തിലൂടെയും വലിയ ലാഭം നേടുകയാണ്. അതേസമയം സാധാരണക്കാർക്ക് വില കൂടിയ പെട്രോളിന്റെയും ഡീസലിന്റെയും ഭാരം ചുമത്തുകയാണെന്നും ജയറാം രമേശ് ആരോപിച്ചു.


TAGS :

Next Story