'പാർട്ടിയെ ശക്തിപ്പെടുത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല'; നേതൃത്വത്തിനെതിരെ തുറന്നടിച്ച് താരിഖ് അൻവർ
കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടത്തണം

ഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം താരിഖ് അൻവർ. പാർട്ടിയെ ശക്തിപ്പെടുത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടത്തണം. പുനഃസംഘടനക്കുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്നും ഇൻഡ്യാ സഖ്യത്തിന്‍റെ ഏകോപനത്തിൽ പോരായ്മകൾ ഉണ്ടെന്നും താരിഖ് കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കെജ്‌രിവാളിന്‍റെ പരാജയത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ചിലർ കരുതുന്നു. എന്നാൽ ഇത് സത്യമല്ല. കെജ്‌രിവാൾ ആണ് ഡൽഹിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. കോൺഗ്രസിന് മുന്നിൽ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. ദേശീയതലത്തിൽ സഖ്യം ഉണ്ടെങ്കിൽ സംസ്ഥാനതലങ്ങളിലും സഖ്യം ഉണ്ടാക്കാൻ ശ്രമിക്കണം. ജനങ്ങളിലെ ആശയക്കുഴപ്പം ഒഴിവാക്കണം. കോൺഗ്രസ് എപ്പോഴും മറ്റു പാർട്ടികളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. അരവിന്ദ് കെജ്‌രിവാൾ ഗോവയിലും ഗുജറാത്തിലും പോയത് കോൺഗ്രസിനെ തകർക്കാനാണെന്നും താരിഖ് ആരോപിച്ചു.
ഇൻഡ്യാ സഖ്യത്തിന്‍റെ ഏകോപനം ശരിയല്ല. ഇപ്പോൾ ചില പോരായ്മകൾ ഉണ്ട്. കോൺഗ്രസ് ഇതിന് മുൻകൈ എടുക്കണം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ പാർട്ടിയെ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു. പക്ഷേ അതിനുശേഷം ഒന്നും ഇതുവരെ നടന്നില്ല. ഇതാണ് പ്രധാനപ്പെട്ട സമയം, പാർട്ടിയിൽ പുനഃസംഘടന നടത്തണം. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല തന്‍റെ പ്രസ്താവന. മൊത്തം സംഘടന ശക്തിപ്പെടണമെന്നാണ് തന്‍റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

