ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം

- Updated:
2026-01-29 06:36:42.0

ചെന്നൈ: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. വേര്‍കുടി ബ്രാഞ്ച് സെക്രട്ടറി കല്യാണ സുന്ദരം (45) ആണ് മരിച്ചത്.
ജനുവരി 10നാണ് കല്യാണ സുന്ദരത്തിന് പൊള്ളലേറ്റത്. മഡുറോയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നാഗപട്ടണം കടയ്‌ത്തെരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പെട്രോള്‍ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ കല്യാണ സുന്ദരത്തിന്റെ ദേഹത്തു വീഴുകയും തീപ്പടരുകയുമായിരുന്നു. ഇരു കാലുകളിലും കൈയിലും സാരമായി പരിക്കേറ്റു.
ചികിത്സയിലായിരുന്ന കല്യാണ സുന്ദരം 13ന് ആശുപത്രി വിട്ടെങ്കിലും ആരോഗ്യാവസ്ഥ വീണ്ടും വഷളായി. തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ വേളാങ്കണ്ണി പൊലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16
