വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധന; ക്യാമറയിൽ പകർത്തണമെന്ന് കേന്ദ്ര സർക്കാർ
റെക്കോർഡ് ചെയ്യുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശം

കൊച്ചി: വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധന ക്യാമറയിൽ പകർത്തണമെന്ന് കേന്ദ്ര സർക്കാർ. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ശരീരത്തിൽ ക്യാമറ ധരിക്കണം.
യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്ക് ബോഡി വേൺ ക്യാമറ നിർബന്ധമാക്കി. യാത്രക്കാരെ പരിശോധിക്കുന്ന വീഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യണം. റെക്കോർഡ് ചെയ്യുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും കേന്ദ്ര സർക്കാർ. ഡിസംബർ 30 ന് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. കസ്റ്റംസ് പരിശോധനയിൽ ഏതെങ്കിലും വിധത്തിലുള്ള തർക്കം ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കാൻ കൂടി ഈ മാറ്റം ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ. ക്യാമറ നൽകുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കണം. സ്വകാര്യത മാനിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ബാഗേജ് ക്ലിയറൻസിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ റെഡ് ചാനലിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ക്യാമറ ധരിക്കണം. യാത്രക്കാരുമായി ഇടപഴകുമ്പോൾ റെക്കോർഡിംഗ് ആരംഭിക്കണം. പരിശോധന പൂർത്തിയാകുന്നത് വരെ ഇത് തുടരണം. വൈ-ഫൈ, ബ്ലൂടൂത്ത് അല്ലെങ്കിൽ സിം സൗകര്യങ്ങൾ ഇല്ലാത്ത സ്റ്റാൻഡ്-എലോൺ ക്യാമറകൾ മാത്രമേ ഉപയോഗിക്കാവൂ. ഓരോ ഷിഫ്റ്റിന് ശേഷവും റെക്കോർഡ് ചെയ്ത വിവരങ്ങൾ പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള പ്രത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റണം. ദൃശ്യങ്ങൾ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ പാടില്ല. ക്യാമറ കൈപ്പറ്റുന്ന സമയവും തിരികെ നൽകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി ഉദ്യോഗസ്ഥർ ഒപ്പിടണം. ക്യാമറകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ. ഉദ്യോഗസ്ഥർ ബ്രേക്ക് എടുക്കുമ്പോഴോ മറ്റ് ജോലികളിലേക്ക് മാറുമ്പോഴോ ക്യാമറ തിരികെ ഏൽപ്പിക്കണം.
റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ 90 ദിവസം സൂക്ഷിക്കണം. കസ്റ്റംസും വിജിലൻസും ദൃശ്യങ്ങൾ നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്നും നിർദേശം.
Adjust Story Font
16

