Quantcast

ഭർത്താവില്ലാത്തപ്പോൾ നിരന്തര പീഡനം; 67-കാരനായ ഭർതൃപിതാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി മരുമകൾ; വീഡിയോ

ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിലെല്ലാം ഭർതൃപിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി

MediaOne Logo

അരീജ മുനസ്സ

  • Updated:

    2026-07-19 06:46:36

Published:

19 July 2026 10:42 AM IST

ഭർത്താവില്ലാത്തപ്പോൾ നിരന്തര പീഡനം; 67-കാരനായ ഭർതൃപിതാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി മരുമകൾ; വീഡിയോ
X

മുസഫർന​ഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ, തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന 67 വയസൂള്ള ഭർതൃപിതാവിന്റെ ജനനേന്ദ്രിയം 28-കാരിയായ മരുമകൾ മുറിച്ചുമാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ബുധാന മേഖലയിലെ ചന്ദേരി റോഡിലുള്ള സഫിപൂർ പട്ടിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹരിയാനയിൽ റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിലെല്ലാം ഭർതൃപിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ പീഡനം തുടരുകയായിരുന്നു. രണ്ട് ചെറിയ ആൺമക്കൾക്കും ഭർതൃപിതാവിനുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. നഖം വെട്ടാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് യുവതി കൃത്യം നിർവഹിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭർതൃപിതാവിന്റെ നിരന്തരമുള്ള ഉപദ്രവത്തെക്കുറിച്ച് യുവതി പലതവണ അയൽവാസികളോട് പരാതിപ്പെട്ടിരുന്നു. താൻ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും, ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. വീട്ടിൽ പീഡനം നേരിടുന്നതായി യുവതി മുമ്പ് പറഞ്ഞിരുന്നെന്ന് അയൽവാസിയായ നസ്ര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഈ കുടുംബം മറ്റുള്ളവരുമായി അധികം ഇടപഴകാറില്ലായിരുന്നതിനാൽ വീടിനുള്ളിൽ യഥാർഥത്തിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും വ്യക്തമായിരുന്നില്ല എന്നാണ് അയൽവാസികളുടെ പക്ഷം.

സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ബുധാന സർക്കിൾ ഓഫീസർ ഗജേന്ദ്ര പാൽ സിംഗ് അറിയിച്ചു. കൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇരുവശത്തുനിന്നും ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, ലഭ്യമായ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.

TAGS :

Next Story