ബംഗാളിൽ ബിജെപി അധികാരത്തിലെത്തി ആദ്യ ദിനം തന്നെ ബുൾഡോസർ രാജ്; മുസ്‌ലിം പേരുകൾ മാറ്റി
തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്

- Published:
7 May 2026 7:42 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം. ഉത്തർപ്രദേശിലെ 'ബുൾഡോസർ രാജി'ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
നോർത്ത് 24 പർഗാനാസിലെ ബരാസത്തിൽ 'മസ്ജിദ് ബാരി റോഡ്' എന്ന സ്ഥലപ്പേര് മാറ്റി 'നേതാജി പള്ളി' എന്നാക്കി മാറ്റി. പ്രവേശന കവാടത്തിലെ അക്ഷരങ്ങൾ തകർത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു. സിറാജ്-ഉദ്-ദൗളയുടെ സ്മാരക രൂപം തകർത്ത് പാർക്കിന് 'ശിവാജി ഉദ്യാനം' എന്ന് പുനർനാമകരണം ചെയ്തു. സിആർപിഎഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികൾ.
ബോംഗാവിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ബിരിയാണി കട ഉടമകളോട് കട ഒഴിഞ്ഞുപോകാണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാളിന്റെ സംസ്‌കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്നും ടിഎംസി പ്രതികരിച്ചു.
മുർഷിദാബാദിലെ ലാൽബാഗിൽ തർക്കഭൂമിയിലുണ്ടായിരുന്ന ഈദ്ഗാഹിന്റെ വേലി ബിജെപി പ്രവർത്തകർ തകർത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഭൂമിയിൽ പൊലീസ് സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്ന് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല ആരോപിച്ചു. സംഭവത്തിൽ പള്ളി കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.
വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ബുൾഡോസർ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിയുടെ വിജയത്തിന് പിന്നാലെ ബംഗാളിലും യോഗി ആദിത്യനാഥ് മോഡൽ ഭരണം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിലെ 'യോഗി' ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Adjust Story Font
16
