Quantcast

കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലി തർക്കം; സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഭാര്യവീട്ടുകാർ തല്ലിക്കൊന്നു!

നോയിഡയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബിയിലെ ജീവനക്കാരനായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    22 Aug 2026 4:00 PM IST

കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലി തർക്കം; സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഭാര്യവീട്ടുകാർ തല്ലിക്കൊന്നു!
X

ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ കുഞ്ഞിന് മരുന്ന് നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയറെ ഭാര്യയും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. നോയിഡയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബിയിലെ ജീവനക്കാരനായ വിനയ് ഗുപ്ത (31) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനയിയുടെ ഭാര്യ രേഖ, ഇവരുടെ രണ്ട് സഹോദരന്മാർ, ഒരു സഹോദരന്റെ ഭാര്യ എന്നിവരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നര വർഷം മുൻപാണ് വിനയും രേഖയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇവർക്ക് നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയും ഭാര്യ രേഖയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. തർക്കത്തെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ രേഖ തന്റെ സഹോദരന്മാരെയും മറ്റ് കുടുംബാംഗങ്ങളെയും ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രേഖയുടെ പിതാവ്, രണ്ട് സഹോദരന്മാർ, സഹോദരന്റെ ഭാര്യ, അമ്മാവൻ എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥലത്തെത്തുകയും വിനയിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിനയിയുടെ കുടുംബം ആരോപിക്കുന്നത്. ആക്രമണം നടക്കുന്നതിന് മുൻപായി രേഖ വീടിനകത്തെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തിരുന്നതായി കുടുംബം പറയുന്നു. വിനയിയുടെയും രേഖയുടെയും ഒപ്പം ഇതേ വീട്ടിലെ താഴത്തെ നിലയിലായിരുന്നു വിനയിയുടെ മാതാപിതാക്കൾ താമസിച്ചിരുന്നത്. രേഖയുടെ വീട്ടുകാർ വന്നപ്പോൾ അവർക്ക് കുടിക്കാൻ വെള്ളമെടുക്കാൻ പോയതായിരുന്നു വിനയിയുടെ അമ്മ. തിരികെ വന്നപ്പോൾ മകനെ ക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. അക്രമികൾ വിനയിയുടെ കഴുത്ത് ഞെരിക്കുകയും നെഞ്ചിൽ ശക്തമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് അമ്മ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും ഇവർ പിന്മാറിയില്ല.

നോയിഡയിലെ അഡോബി കമ്പനിയിൽ ജോലി ചെയ്തിരുന്ന വിനയ് ഗുപ്തയ്ക്ക് പ്രതിവർഷം 60 ലക്ഷത്തോളം രൂപയായിരുന്നു ശമ്പളം. ക്രൂരമായി മർദ്ദനമേറ്റ് അവശനായ വിനയിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. രേഖയുടെ സഹോദരൻ മുൻപും ചെറിയ തർക്കങ്ങളുടെ പേരിൽ വിനയിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story