ആഴ്ചയില്‍ രണ്ട് ദിവസം സമ്പൂര്‍ണ വര്‍ക്ക് ഫ്രം ഹോം, ആഴ്ചയില്‍ ഒരു ദിവസം 'നോ വെഹിക്കിള്‍ ഡേ'; പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍
ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൻ്റെ ചുവടുപിടിച്ചാണ് തീരുമാനം

- Updated:
2026-05-14 11:32:18.0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം സമ്പൂര്‍ണ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് തീരുമാനം. ഔദ്യോഗിക വാഹന ഉപയോഗം പരമാവധി കുറയ്ക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലും 60 ശതമാനത്തോളം കുറവുവരുത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിയായി നാല് വാഹനം മാത്രമാണുള്ളത്.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 'എന്റെ ഇന്ത്യ, എന്റെ പങ്കാളിത്തം' എന്ന പേരില്‍ പ്രത്യേക കാമ്പയിനും ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും 'മണ്‍ഡേ മെട്രോ' ആയി ആചരിക്കും. ആ ദിവസം എല്ലാ മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം മെട്രോ റെയില്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.
എല്ലാ ആഴ്ചയും ഒരു ദിവസം വാഹനങ്ങള്‍ നിരത്തിലിറക്കാതെ 'നോ വെഹിക്കിള്‍ ഡേ' ആയി ആചരിക്കാന്‍ പൊതുജനങ്ങളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അടുത്ത ആറ് മാസത്തില്‍ പുതിയ ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങില്ല. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാരുടെ യാത്രാബത്ത 10 ശതമാനം വര്‍ധിപ്പിക്കും.
അടുത്ത ഒരു വര്‍ഷത്തേക്ക് ഡല്‍ഹി മന്ത്രിമാരോ സര്‍ക്കാര്‍ ജീവനക്കാരോ വിദേശയാത്ര നടത്തരുതെന്ന് നിര്‍ദേശം നല്‍കി. ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഓഫിസുകളിലെ എസികള്‍ 24-26 ഡിഗ്രീ സെല്‍ഷ്യലില്‍ സെറ്റ് ചെയ്യും. വൈദ്യുതി പാഴാകുന്നത് ഒഴിവാക്കാന്‍ എല്ലാ ഓഫിസുകളിലും മാസ്റ്റര്‍ സ്വിച്ചുകള്‍ സ്ഥാപിക്കും.
വര്‍ക്ക് ഫ്രം ഹോം രീതിക്ക് പ്രാധാന്യം നല്‍കുക, സ്വര്‍ണം വാങ്ങല്‍ കുറയ്ക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളുമായി ജനങ്ങളോട് ജീവിതശൈലിയില്‍ മാറ്റംവരുത്താന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.
Adjust Story Font
16
