5 ലക്ഷത്തിന്റെ ജോലി പോയി, 2 കോടിയുടെ ലോൺ; തോറ്റുകൊടുക്കാതെ വ്യവസായ സാമ്രാജ്യം കെട്ടിപൊക്കി, ഈ ജീവിതകഥ വൈറൽ!
37-ാം വയസിലാണ് മൂന്ന് ദിവസത്തെ നോട്ടീസ് പിരീഡ് മാത്രം നൽകി ഗൗരവിനെ മൽട്ടി നാഷ്ണൽ കമ്പനി പുറത്താക്കിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്

- Published:
20 May 2026 6:03 PM IST

ന്യൂഡൽഹി: കോർപ്പറേറ്റ് ജോലിയിലെ ഉയർന്ന ശമ്പളവും പദവികളും എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്ന ഓർമ്മപ്പെടുത്തലുമായി ഡൽഹി സ്വദേശിയായ വ്യവസായി ഗൗരവ് കവത്രയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്. 2018-ൽ ഒരു ചൈനീസ് മൾട്ടിനാഷണൽ കമ്പനിയിലെ ഡയറക്ടർ പദവിയിൽ നിന്ന് പെട്ടെന്ന് പിരിച്ചുവിട്ടതും അതിനുശേഷം പൂജ്യത്തിൽ നിന്ന് തുടങ്ങി ഇന്ന് കോടികളുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതുമായ തന്റെ അതിജീവനത്തിന്റെ കഥയാണ് അദ്ദേഹം പങ്കുവെച്ചത്.
2018 സെപ്റ്റംബർ 12-നായിരുന്നു ഗൗരവിന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. അന്ന് അദ്ദേഹത്തിന് 37 വയസ്സായിരുന്നു പ്രായം. അഞ്ച് ലക്ഷം രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്ന ഗൗരവിന് രണ്ട് കോടിയുടെ ഹൗസിങ് ലോണും ഉണ്ടായിരുന്നു. പ്രകടനം പോരെന്ന് പറഞ്ഞാണ് കമ്പനി ഗൗരവിനെ പുറത്താക്കിയത്. മൂന്നു ദിവസത്തെ നോട്ടീസ് പിരീഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും യാതൊരു വിധ ആനുകൂല്യങ്ങളും ലഭിച്ചില്ലെന്നും അദ്ദേഹം ലിങ്കിഡ് ഇൻ പോസ്റ്റിൽ പറയുന്നുണ്ട്. 'ഒരു കോർപ്പറേറ്റ് ലോഗോയുടെ കേവലം അടിമയായിരുന്നു ഞാൻ. ദൈവം എന്റെ കസേര എടുത്തുമാറ്റിയത് വിൽപന, വിപണനം, ആളുകളെ കൈകാര്യം ചെയ്യൽ തുടങ്ങിയ യഥാർത്ഥ കഴിവുകൾ എന്നെ പഠിപ്പിക്കാനായിരുന്നു. ബിരുദങ്ങൾക്ക് ഒരു കാലാവധിയുണ്ട്, എന്നാൽ, കഴിവുകൾ എക്കാലവും നിലനിൽക്കും' എന്നും ഗൗരവ് കുറിപ്പിൽ പറയുന്നുണ്ട്. .
ജോലി പോയതിന് ശേഷമുള്ള മാസങ്ങൾ കഠിനമായിരുന്നുവെന്ന് ഗൗരവ് ഓർക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി, ഉറക്കമില്ലായ്മ, പുലർച്ചെ ഉണ്ടാകുന്ന പാനിക് അറ്റാക്കുകൾ എന്നിവ തന്നെയും ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്. ആ സമയത്ത് രാത്രികളിൽ 12 മുതൽ 15 വരെ സിഗരറ്റുകൾ വലിച്ചുതള്ളിയിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. പുതിയ അവസരങ്ങൾക്കായി 108 തവണയാണ് അദ്ദേഹം പലരെയും ഫോണിൽ വിളിച്ചത് . എന്നാൽ, 108 തവണയും നിരാശയായിരുന്നു ഫലം. അയൽക്കാരുടെ നോട്ടങ്ങളും മകളുടെ ചോദ്യങ്ങളും തന്നെ മാനസികമായി തളർത്തിയെന്നും താൻ ജീവനോടെ കുഴിച്ചുമൂടപ്പെട്ടതുപോലെ തോന്നിയെന്നും അദ്ദേഹം പറയുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യത കൊണ്ട് മാത്രം കാര്യമില്ലെന്നും പ്രായോഗികമായ കഴിവുകളാണ് ജീവിതത്തിൽ ആവശ്യമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സ്വയം ബിസിനസ്സിലേക്ക് ഇറങ്ങിയ അദ്ദേഹം ഇന്ന് രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 6,500 കോടി രൂപയുടെ പ്രൊജക്റ്റുകൾക്ക് കൺസൾട്ടൻസി നൽകുന്ന പ്രമുഖ വ്യവസായിയാണ്.
ഉദ്യോഗാർഥികൾക്കായി ചില ഉപദേശങ്ങളും അദ്ദേഹം നൽകുന്നുണ്ട്. ജോലി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഭയമോ നാണക്കേടോ നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ തകർക്കാൻ അനുവദിക്കരുത്. ഭാര്യയോടും അമ്മയോടും കാര്യങ്ങൾ തുറന്നുപറയുക, എത്ര വേണമെങ്കിലും കരയുക. പണം എപ്പോൾ വേണമെങ്കിലും തിരിച്ചുപിടിക്കാം, പക്ഷേ ആരോഗ്യം നഷ്ടപ്പെട്ടാൽ തിരികെ കിട്ടില്ല. അതു കൊണ്ട് ആരോഗ്യം നഷ്ടപ്പെടാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
