Quantcast

ഡൽഹിയിൽ ജഡ്ജി ജീവനൊടുക്കിയത് പിതാവിനെ ഭാര്യ അപമാനിച്ചതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പിതാവിനെ വിളിച്ച് ഇത് തന്റെ അവസാനത്തെ കോളാണെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമൻ പറഞ്ഞിരുന്നു

MediaOne Logo
ഡൽഹിയിൽ ജഡ്ജി ജീവനൊടുക്കിയത് പിതാവിനെ ഭാര്യ അപമാനിച്ചതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം
X

ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജി ജീവനൊടുക്കിയത് പിതാവിനെ ഭാര്യ അപമാനിച്ചത് മൂലമെന്ന് കുടുംബം. ഡൽഹിയിൽ ജഡ്ജിയായിരുന്ന അൽവാർ സ്വദേശി അമൻ ശർമ മേയ് രണ്ടിനാണ് മരിച്ചത്. തന്റെ സാന്നിധ്യത്തിൽ ഭാര്യ പിതാവിനെ അപമാനിച്ചതിൽ അമൻ അതീവ ദുഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശുചിമുറിയിലെ സ്റ്റൂളും ഷാളും ഉപയോഗിച്ച് മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു അദ്ദേഹം.

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പിതാവിനെ വിളിച്ച് ഇത് തന്റെ അവസാനത്തെ കോളാണെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമൻ പറഞ്ഞിരുന്നു. ഇതുകേട്ട് പിതാവ് ഉടൻ തന്നെ ഡൽഹിയിലെത്തിയെങ്കിലും ദുരന്തം ഒഴിവാക്കാനായില്ല. വീട്ടിലെ തർക്കങ്ങളും മാനസിക പീഡനവുമാണ് അമനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

ജമ്മുവിൽ ഐഎഎസ് ഉദ്യോഗസ്ഥയായ അമന്റെ സഹോദരഭാര്യ, ഭാര്യയെ നിരന്തരം പ്രകോപിപ്പിക്കുകയും കുടുംബപ്രശ്‌നങ്ങൾ വഷളാക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മരിക്കുന്ന സമയത്ത് ഭാര്യയുടെ വീട്ടുകാരിൽ ഒരാളും അവിടെയുണ്ടായിരുന്നു. മുറിക്കുള്ളിൽ വെച്ച് ഭാര്യയുമായി തർക്കം നടക്കുന്നതിനിടെയാണ് അമൻ ആത്മഹത്യ ചെയ്തതെന്ന് പുറത്തുണ്ടായിരുന്ന പിതാവ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ അമന്റെ ഭാര്യ രണ്ട് കുട്ടികളുമായി വീട്ടിൽ നിന്നും പോയി. ഭാര്യവീട്ടുകാർ ആരും തന്നെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ല. ഡൽഹി, ഹരിയാന, രാജസ്ഥാൻ കേഡറുകളിലെ മുതിർന്ന ജഡ്ജിമാർ അൽവാറിലെത്തി അമന് അന്തിമോപചാരം അർപ്പിച്ചു. 2021-ലാണ് അമൻ ജഡ്ജിയായി നിയമിതനായത്.

സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നീതി നടപ്പിലാക്കുന്ന ഒരാൾക്ക് പോലും ഇത്തരമൊരു ഗതി വന്നാൽ അത് ആർക്കും സംഭവിക്കാമെന്ന് കുടുംബം ചൂണ്ടിക്കാട്ടി.

അമന്റെ വിവാഹം ഒരു സുഹൃത്തിന്റെ മകളുമായി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, തന്റെ സഹപാഠിയെ വിവാഹം കഴിക്കണമെന്ന അമന്റെ ആഗ്രഹത്തെ പിതാവ് മാനിക്കുകയായിരുന്നു. ശാന്തസ്വഭാവക്കാരനായിരുന്ന അമൻ തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ ആരോടും പങ്കുവെച്ചിരുന്നില്ലെന്ന് പിതാവ് പ്രേം കുമാർ ശർമ പറഞ്ഞു. അമന്റെ സഹോദരൻ ഒരു വാഹനാപകടത്തിന് ശേഷം വിഷാദരോഗത്തിന് ചികിത്സയിലാണ്. എല്ലാ പ്രതിസന്ധികൾക്കിടയിലും അമന്റെ സന്തോഷമായിരുന്നു തന്റെ ലക്ഷ്യമെന്ന് പിതാവ് പറഞ്ഞു.

TAGS :

Next Story