മകന് ലഭിച്ച ജന്മദിന സമ്മാനങ്ങളെ ചൊല്ലി തർക്കം; ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് കുത്തിക്കൊന്നു
ഡൽഹി രോഹിണി സെക്ടർ-17ലെ കുസും സിൻഹ, മകൾ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്

ന്യൂഡൽഹി: മകന് ജന്മദിനത്തിന് ലഭിച്ച സമ്മാനങ്ങളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ഡൽഹി രോഹിണി സെക്ടർ-17ലെ കുസും സിൻഹ (63), മകൾ പ്രിയ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ ഭർത്താവ് യോഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ നടന്ന മകന്റെ ജന്മദിന ആഘോഷത്തിനിടെ ഇരു കുടുംബങ്ങളും കൈമാറിയ സമ്മാനങ്ങളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രിയയുടെ മകൻ ചിരാഗിന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി ആഗസ്റ്റ് 28നാണ് കുസും ഇവരുടെ വീട്ടിൽ എത്തിയത്. ആഗസ്റ്റ് 30ന് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും അമ്മയെ കാണാതിരുന്നതോടെ പ്രിയയുടെ സഹോദരൻ മേഘ് സിൻഹ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.
എന്നാൽ പല തവണ വിളിച്ചിട്ടും അമ്മയെയോ സഹോദരിയെയോ കിട്ടിയില്ലെന്ന് മേഘ് പറയുന്നു. തുടർന്ന് പ്രിയയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വാതിലിനടുത്ത് രക്തക്കറയും ശ്രദ്ധയിൽപ്പെട്ടു. പൂട്ടു പൊളിച്ച് അകത്തു കയറിയപ്പോൾ മുറിക്കകത്ത് അമ്മയും സഹോദരിയും രക്തം വാർന്നു മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെന്നും മേഘ് സിൻഹ പൊലീസിനോട് പറഞ്ഞു. തുടർന്ന് മേഘ് പൊലീസിനെ അറിയിക്കുകയായിരുന്നു.
പിന്നാലെ പൊലീസെത്തി യോഗേഷിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം രണ്ട് മക്കളെയും കൊണ്ട് രക്ഷപ്പെടാനാണ് ഇയാൾ ശ്രമിച്ചത്. ശനിയാഴ്ച ആയിരുന്നു മകന്റെ 15-ാം ജന്മദിനം. തന്‍റെ വീട്ടുകാർ സമ്മാനമൊന്നും നൽകിയില്ലെന്ന് പറഞ്ഞ് പ്രിയ വഴക്കുണ്ടാക്കി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പ്രിയയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയെന്നും യോഗേഷ് പറഞ്ഞു. ഇടപെടാൻ വന്ന പ്രിയയുടെ അമ്മയെയും താൻ കൊലപ്പെടുത്തിയെന്നും യോഗേഷ് മൊഴി നൽകി.
Adjust Story Font
16

