Quantcast

മണ്ഡല പുനർനിർണ്ണയം: കേന്ദ്രത്തിനെതിരെ തമിഴ്നാട്ടിൽ കരി​ങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ

ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിഎംകെ പദ്ധതിയിടുന്നത്

MediaOne Logo
MK STALIN
X

ചെന്നൈ: കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ നടപടികൾക്കെതിരെ പോരാട്ടം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താൻ ഡിഎംകെ ആഹ്വാനം ചെയ്തു. പാർലമെന്റിൽ വരാനിരിക്കുന്ന പുനർനിർണ്ണയ ഭേദഗതി ബിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകർക്കുമെന്ന വിലയിരുത്തലിലാണ് ഡിഎംകെ.

ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണ്ണയമെന്നും സ്റ്റാലിൻ ചോദിച്ചു. ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സീറ്റുകൾ നഷ്ടമാകുമെന്നതാണ് പ്രധാന ആശങ്ക. ജനസംഖ്യാ വർധനവ് നിയന്ത്രിക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കാൻ ഈ നീക്കം കാരണമാകുമെന്ന് ദക്ഷിണേന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഓൺലൈനിലാണ് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം സ്റ്റാലിൻ വിളിച്ചുചേർത്തത്. ഇതിന് മുന്നോടിയായി ഡിഎംകെ എംപിമാരുടെ യോഗവും ചേർന്നിരുന്നു. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പാർട്ടിയുടെ തീരുമാനം. കേന്ദ്ര സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

ഇന്നലെ മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് സമയത്ത്‌ വേഗത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് സംശയകരമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പല്ല , തമിഴ്നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനമാണ് ഡിഎംകെയ്ക്ക് പ്രധാനം.നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിച്ചാൽ സംസ്ഥാനം സ്തംഭിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ, പ്രതിപക്ഷ പാർട്ടികളുമായോ സംസ്ഥാനങ്ങളുമായോ ആലോചിക്കാതെ മണ്ഡല പുനർനിർണ്ണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. കേന്ദ്ര സർക്കാരിനുള്ള തന്റെ 'അവസാന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഏപ്രിൽ 16-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ, തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ഇത് നിർബന്ധപൂർവം വിളിച്ചുചേർത്തതാണ്. ഈ സമ്മേളനത്തിലൂടെ, മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഒരു ഭരണഘടനാ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്," സുതാര്യതയോ കൂടിയാലോചനകളോ ഇല്ലാത്ത നടപടിയാണിത്..' സ്റ്റാലിന്‍ പറഞ്ഞു.

TAGS :

Next Story