പ്രധാന്റെ രാജിക്ക് പകരം വകുപ്പ് മാറ്റാമെന്ന് ആദ്യഘട്ടത്തിൽ കേന്ദ്രം; രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന സിജെപി നിലപാടിൽ മുട്ടുമടക്കിയെന്ന് റിപ്പോർട്ട്
സിജെപി വക്താക്കളും കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരും തമ്മിലുള്ള ആദ്യഘട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദേശം മുന്നോട്ടുവെച്ചത്

- Updated:
2026-07-28 05:53:43

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ ധർമേന്ദ്ര പ്രധാന്റെ രാജിക്കായി മുറവിളി ഉയർന്ന ഘട്ടത്തിൽ, രാജി ഒഴിവാക്കിക്കൊണ്ട് വകുപ്പ് മാറ്റാമെന്ന നിർദേശം കേന്ദ്രം ആദ്യം മുന്നോട്ടുവെച്ചിരുന്നതായി റിപ്പോർട്ട്. സിജെപി വക്താക്കളും കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരും തമ്മിലുള്ള ആദ്യഘട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, ഇത് അംഗീകരിക്കുന്നതിലൂടെ സമരക്കാർക്കിടയിൽ വലിയ കോലാഹലങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും നിർദേശം തള്ളിക്കളയുകയായിരുന്നു.
വിദ്യാർഥി സമരത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കുകയാണെങ്കിൽ അതൊരു കീഴ്വഴക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഒരു കാരണവശാലും രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു ആദ്യഘട്ടത്തിൽ ധർമേന്ദ്ര പ്രധാനും കേന്ദ്രവും. എന്നാൽ, രാജ്യമൊന്നടങ്കമുള്ള വിദ്യാർഥികൾ സമരം ഏറ്റെടുത്തതോടെ ഗത്യന്തരമില്ലാതെ രാജിവക്കുകയായിരുന്നു. രാജിക്ക് പകരം വകുപ്പ് മാറ്റത്തെക്കുറിച്ചുള്ള നിർദേശം ആദ്യഘട്ടത്തിൽ കേന്ദ്രം മുന്നോട്ടുവെച്ചെന്നും സിജെപി തള്ളിക്കളഞ്ഞെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒരു അംഗത്തെ പുറത്താക്കുന്നതും വകുപ്പ് മാറ്റുന്നതും പ്രധാനമന്ത്രിയുടെ പ്രത്യേക അവകാശത്തിൽ പെട്ടതാണെന്നും കേന്ദ്ര പ്രതിനിധികൾ സിജെപി വക്താക്കളെ അറിയിച്ചിരുന്നതായാണ് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, പ്രധാന്റെ രാജിയിൽ കുറഞ്ഞതൊന്നും തങ്ങളാഗ്രഹിക്കുന്നില്ലെന്നും അനുകൂലമായ നിലപാട് സ്വീകരിക്കാത്ത പക്ഷം സമരം തുടരുമെന്നുമുള്ള കർശന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു സിജെപി. രാജിക്ക് പകരം കേന്ദ്രം മുന്നോട്ടുവെക്കുന്ന ഉപാധികൾ അംഗീകരിക്കുന്നത് സമരക്കാരെ പ്രകോപിപ്പിച്ചേക്കുമെന്നും സിജെപി വക്താക്കൾ വിലയിരുത്തുകയുണ്ടായി.
ആദ്യഘട്ടത്തിൽ എന്തുവന്നാലും രാജിവക്കില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. എന്നാൽ, ജന്തർ മന്തറിലെ പ്രതിഷേധം രാജ്യവ്യാപകമായി പടർന്നതോടെ സർക്കാരിന് മുട്ടുമടക്കാതെ മറ്റ് വഴികളില്ലാതായി. സിജെപി നേതാക്കളുമായി മൂന്നാം ഘട്ട ചർച്ച നടത്താനിരിക്കെയാണ് പ്രധാൻ രാജിവെച്ചത്. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ആദ്യമായാണ് മോദി മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി രാജിവെക്കുന്നത്. 12 വർഷത്തെ മോദിഭരണത്തിൽ ഒരു മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതും ഇതാദ്യം.
ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങൾ തൃപ്തികരമായിരുന്നെന്നും എന്നാൽ, വിദ്യാർഥികളെ തെറ്റിധരിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ ശ്രമിച്ചുവെന്നുമാണ് പ്രധാന്റെ രാജിക്കത്തിൽ പറയുന്നത്. രാജ്യത്തെ യുവാക്കളെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ലെന്നും ജന്തർ മന്തറിലും രാജ്യത്തും ഉടലെടുത്ത സാഹചര്യം രാഷ്ട്രവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാൻ വേണ്ടിയാണ് രാജിയെന്നും കത്തിൽ പറയുന്നു.
Adjust Story Font
16
