Quantcast

'രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കില്ലെന്ന വ്യവസ്ഥയിലാണ് ബ്രിട്ടീഷുകാർ സവർക്കറെ മോചിപ്പിച്ചതെന്ന് പറയാനാകില്ല'; കൊച്ചുമകൻ കോടതിയിൽ

തന്റെയും കുടുംബത്തിന്റെയും പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് രാഹുൽ ​ഗാന്ധി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ് കൊച്ചുമകൻ സത്യകി സവർക്കറുടെ ഹരജിയിൽ പറയുന്നത്

MediaOne Logo
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കില്ലെന്ന വ്യവസ്ഥയിലാണ് ബ്രിട്ടീഷുകാർ സവർക്കറെ മോചിപ്പിച്ചതെന്ന് പറയാനാകില്ല; കൊച്ചുമകൻ കോടതിയിൽ
X

പൂനെ: രാഷ്ട്രീയ പ്രസ്ഥാനങ്ങളിലോ വിപ്ലവ പ്രസ്ഥാനങ്ങളിലോ പ്രവർത്തിക്കില്ലെന്ന വ്യവസ്ഥയിലാണ് വിനായക് ദാമോദർ സവർക്കറെ ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് പറയാൻ കഴിയില്ലെന്ന് കൊച്ചുമകൻ സത്യകി സവർക്കർ. രാഹുൽ ഗാന്ധിക്കെതിരെ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ പൂനെ കോടതിയിൽ നടന്ന ക്രോസ് വിസ്താരത്തിനിടെയാണ്‌സത്യകി സവർക്കർ ഈ മൊഴി നൽകിയത്. ലണ്ടനിൽ നടത്തിയ പ്രസംഗത്തിലൂടെ രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സത്യകി പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ദ് പവാറാണ് സത്യകിയെ വിസ്തരിച്ചത്.

''തന്റെ ദയാഹരജിയിൽ ഏതെങ്കിലും വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മോചിപ്പിക്കണമെന്ന് സവർക്കർ ആവശ്യപ്പെട്ടിരുന്നതായി എനിക്ക് പറയാൻ കഴിയില്ല. രാഷ്ട്രീയ, വിപ്ലവ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കില്ലെന്ന വ്യവസ്ഥയിൽ മോചിപ്പിക്കണമെന്ന് സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് അഭ്യർഥിച്ചതായും പറയാനാകില്ല. മാപ്പപേക്ഷകൾ കാരണമല്ല സവർക്കറെ മോചിപ്പിച്ചത്. 1923-ൽ മുഹമ്മദ് അലി ജൗഹറിന്റെ അധ്യക്ഷതയിൽ ചേർന്ന കാക്കിനഡ കോൺഗ്രസ്് സമ്മേളനം സവർക്കറെ മോചിപ്പിക്കാൻ പ്രമേയം പാസാക്കിയിരുന്നു. സവർക്കറുടെ ജനപ്രീതി നാൾക്കുനാൾ വർധിച്ചുവന്നതിനാൽ, അദ്ദേഹത്തെ മോചിപ്പിക്കാൻ വലിയ ജനകീയ സമ്മർദമുണ്ടായിരുന്നു. ഭഗത് സിങ്ങിന്റെ വധശിക്ഷക്ക് മുമ്പ് കോൺഗ്രസ് ഇത്തരമൊരു പ്രമേയം പാസാക്കിയിരുന്നെങ്കിൽ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ വധശിക്ഷ ഒഴിവാക്കാമായിരുന്നു''-സത്യകി പറഞ്ഞു.

ബ്രിട്ടീഷ് സർക്കാരിന് സമർപ്പിച്ച ദയാഹരജിയിലൊന്നിൽ സവർക്കർ 'യുവർ മോസ്റ്റ് ഒബീഡിയന്റ് സെർവന്റ്' എന്ന് എഴുതിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് സത്യകി കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ജീവനക്കാർ സർക്കാരുമായുള്ള ആശയവിനിമയത്തിന് ഇത്തരം പദപ്രയോഗങ്ങൾ ഉപയോഗിച്ചിരുന്നതായി തനിക്കറിയില്ലെന്നും, സവർക്കർ തന്റെ ഹരജിയിൽ ഇത് ഉപയോഗിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 1920 മാർച്ച് 30-ലെ ദയാഹരജിയിൽ ഈ വാചകം രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശരിയാണെന്നും, എന്നാൽ അതിൽ സവർക്കറുടെ ഒപ്പില്ലാത്തതിനാൽ ആ ഹരജി ആധികാരികമാണോ എന്ന് പറയാൻ കഴിയില്ലെന്നും സത്യകി കോടതിയെ അറിയിച്ചു.

വർഷങ്ങളായി രാഹുൽ ഗാന്ധി സവർക്കറെ നിരന്തരം അപകീർത്തിപ്പെടുത്തുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ ഓവർസീസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിന് ആധാരം.

സവർക്കറുടെ പ്രതിച്ഛായ തകർക്കാനും തനിക്കും കുടുംബത്തിനും മാനസിക വിഷമമുണ്ടാക്കാനും ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു എന്ന് സത്യകി സവർക്കർ ആരോപിക്കുന്നു. പ്രസംഗം ഇംഗ്ലണ്ടിലാണ് നടന്നതെങ്കിലും, അത് ഇന്ത്യയിലുടനീളം പ്രചരിച്ചതിനാൽ അതിന്റെ ആഘാതം പൂനെയിലും പ്രതിഫലിച്ചതായി പരാതിയിൽ പറയുന്നു.

പത്രവാർത്തകളും രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കും സത്യകി കോടതിയിൽ തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഒരു മുസ്ലിം വ്യക്തിയെ മർദ്ദിച്ചതിനെക്കുറിച്ച് സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി വ്യാജമായി ആരോപിച്ചുവെന്നും, എന്നാൽ സവർക്കർ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സത്യകി പറഞ്ഞു. സവർക്കറെ അപകീർത്തിപ്പെടുത്താൻ മനഃപൂർവം കെട്ടിച്ചമച്ചതാണ് ഈ ആരോപണമെന്നും അദ്ദേഹം വാദിച്ചു.

ഐപിസി സെക്ഷൻ 500 (അപകീർത്തിപ്പെടുത്തലിനുള്ള ശിക്ഷ) പ്രകാരം രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സിആർപിസി സെക്ഷൻ 357 പ്രകാരം പരമാവധി നഷ്ടപരിഹാരം ഈടാക്കണമെന്നും സത്യകി സവർക്കർ ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തി ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിൽ ജൂലൈ ഏഴിന് ക്രോസ് വിസ്താരം തുടരും.

TAGS :

Next Story