സവാളയും വെളുത്തുള്ളിയും കഴിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഒടുവിൽ 23 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ദമ്പതികൾ
ഭാര്യയുടെ ഭക്ഷണ നിയന്ത്രണങ്ങൾ അസഹനീയമാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് 2013ൽ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി

അഹമ്മദാബാദ്: സവാളയും വെളുത്തുള്ളിയും കഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവിൽ അവസാനിച്ചത് ദമ്പതികളുടെ വിവാഹമോചനത്തിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
2002ലാണ് ദമ്പതികൾ വിവാഹിതരാകുന്നത്. ഭാര്യ സ്വാമിനാരായണ വിഭാഗത്തിന്റെ അനുയായിയായിരുന്നു. ഈ വിഭാഗത്തിൽ പെട്ടവര്‍ സാധാരണയായി സവാളയും വെളുത്തുള്ളിയും കഴിക്കാറില്ല. എന്നാൽ ഭര്‍ത്താവിനും അമ്മായിയമ്മക്കും ഇത് നിര്‍ബന്ധമായിരുന്നു. അമ്മായിയമ്മയും ഭര്‍ത്താവും തങ്ങളുടെ ഇഷ്ടപ്രകാരം വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് ഭക്ഷണമുണ്ടാക്കി കഴിക്കും. ഭാര്യ വേറെ ഭക്ഷണവും. ആദ്യമൊന്നും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കാര്യങ്ങൾ വഷളാകാൻ തുടങ്ങി. ഭാര്യയും ഭര്‍ത്താവും തമ്മിൽ പ്രശ്നങ്ങളായി. വഴക്ക് മൂത്തപ്പോൾ ഭാര്യ കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
ഭാര്യയുടെ ഭക്ഷണ നിയന്ത്രണങ്ങൾ അസഹനീയമാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് 2013ൽ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി, കോടതി അത് അനുവദിച്ചു. കേസ് പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലേക്ക് പോയി, വിവാഹമോചനത്തെ ചോദ്യം ചെയ്ത് ഭാര്യ നൽകിയ അപ്പീൽ കോടതി തള്ളി.
വര്‍ഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം 2024ൽ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു. എന്നാൽ ഇതിന് പിന്നാലെ വിധിയെ ചോദ്യം ചെയ്ത് ഭാര്യ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കുടുംബ കോടതിയുടെ നിർദേശം ഉണ്ടായിരുന്നിട്ടും 18 മാസമായി തനിക്ക് ജീവനാംശം നൽകിയിട്ടില്ലെന്ന് ഹൈക്കോടതി വാദം കേൾക്കുന്നതിനിടെ ഭാര്യ ബോധിപ്പിച്ചു. വിവാഹമോചനത്തിന് തനിക്ക് എതിര്‍പ്പില്ലെന്നും അറിയിച്ചു.
ആകെ ജീവനാംശം കുടിശ്ശിക 13,02,000 രൂപയാണ്. അതിൽ 2,72,000 രൂപ ഇടക്കാല ജീവനാംശമായി ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. കേസ് നടക്കുമ്പോൾ ഭർത്താവ് 4,27,000 രൂപ നേരത്തെ കെട്ടിവച്ചിരുന്നു.ബാക്കി തുക ഭാര്യക്ക് കൈമാറാൻ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Adjust Story Font
16

