Quantcast

'മോദിയും അമിത് ഷായും വെറും സാധാരണക്കാര്‍, അവരെ ഡിഎംകെക്ക് ഭയമില്ല'; ബിജെപിക്ക് തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ കഴിയില്ലെന്ന് എ.രാജ

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബിജെപി നേതാവിന്‍റെ പരാമർശങ്ങൾ പച്ചക്കള്ളവും വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണെന്ന് രാജ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2025-06-09 10:52:40.0

Published:

9 Jun 2025 3:00 PM IST

A Raja
X

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ സാധാരണക്കാരെ ഡിഎംകെ ഭയമില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എ.രാജ. ബിജെപിയുടേതിന് വിരുദ്ധമായ ഒരു പ്രത്യയശാസ്ത്രമാണ് തങ്ങൾക്കുള്ളതെന്നും അത് കാവി പാർട്ടി തമിഴ്‌നാട്ടിൽ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മധുരയിൽ ഭരണകക്ഷിയായ ഡിഎംകെയെ അമിത് ഷാ വിമർശിച്ചതിന് മറുപടിയായി ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബിജെപി നേതാവിന്‍റെ പരാമർശങ്ങൾ പച്ചക്കള്ളവും വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണെന്ന് രാജ ചൂണ്ടിക്കാട്ടി.

ദ്രാവിഡ പ്രത്യയശാസ്ത്രം കാവി പ്രത്യയശാസ്ത്രത്തിന് എതിരായതിനാൽ, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിൽ ബിജെപിക്ക് കാലുറപ്പിക്കാൻ കഴിയില്ലെന്ന് ലോക്‌സഭാ എംപി തറപ്പിച്ചു പറഞ്ഞു. "എഎപി മേധാവി അരവിന്ദ് കെജ്‌രിവാൾ എങ്ങനെയാണ് (ഡൽഹിയിൽ) അധികാരത്തിൽ വന്നത് - അദ്ദേഹം അഴിമതിയെ മാത്രമേ എതിർത്തിരുന്നുള്ളൂ, അദ്ദേഹത്തിന് ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നോ, അദ്ദേഹത്തിന് പിന്നിൽ നേതാക്കൾ ഉണ്ടായിരുന്നോ . ഞങ്ങൾ അമിത് ഷായെയും മോദിയെയും ഭയപ്പെടുന്നില്ല - എല്ലാത്തിനുമുപരി, അവർ സാധാരണക്കാരാണ്. അവരുടെ പിന്നിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം എല്ലായിടത്തും ആക്രമിച്ച് വിജയിക്കുന്നു, പക്ഷേ എന്തുകൊണ്ടാണ് അതിന് ഇവിടെ വിജയിക്കാൻ കഴിയാത്തത്. കാരണം ആ പ്രത്യയശാസ്ത്രത്തിന് ഒരു ബദൽ നമുക്കുണ്ട്," ദ്രാവിഡ തത്ത്വചിന്തയെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ദ്രാവിഡ പ്രത്യയശാസ്ത്രം നിലനിൽക്കുന്നിടത്തോളം കാലം അവർക്ക് തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ കഴിയില്ല. ഡൽഹിയോ മഹാരാഷ്ട്രയോ ഹരിയാനയോ പോലയെല്ല. ഇത് തമിഴ്‌നാടാണ്, ഞങ്ങൾ ദ്രാവിഡരാണ്, (ബിജെപിക്ക്) ഇവിടെ വരാൻ കഴിയില്ല," രാജ വ്യക്തമാക്കി.

തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. "ഡിഎംകെയുടെ അഴിമതി ഭരണം തമിഴ്‌നാട്ടിലെ ദരിദ്രരെയും സ്ത്രീകളെയും കുട്ടികളെയും ബാധിച്ചു," എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി, 2021 ലെ ഡിഎംകെയുടെ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സ്റ്റാലിൻ പാലിച്ചോ എന്ന് വിശദീകരിക്കാൻ വെല്ലുവിളിച്ചു.

''2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കും, ഡിഎംകെ സർക്കാരിനെ ജനങ്ങൾ പരാജയപ്പെടുത്തും, കാരണം അവർ 100 ശതമാനം പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി സർക്കാർ തമിഴ്‌നാടിന് 6.80 ലക്ഷം രൂപ നൽകിയെന്നും എന്നിട്ടും കേന്ദ്രം തമിഴ്‌നാടിന് എന്താണ് ചെയ്തതെന്നാണ് സ്റ്റാലിൻ ചോദിച്ചത്.'' ഷാ പറഞ്ഞു.

TAGS :

Next Story