ട്രെയിനിൽ റീൽസ് ചിത്രീകരിക്കാറുണ്ടോ? എങ്കിൽ കരുതിയിരിക്കുക, പണികിട്ടും
റെയിൽവെ സ്റ്റേഷനുകളിൽ റീൽസ് എടുക്കുന്നത് നിരീക്ഷിക്കാനും തടയാനും റെയിൽവെ അധികൃതർ, റെയിൽവെ പൊലീസ്, റെയിൽവെ സംരക്ഷണ സേനാംഗങ്ങൾ എന്നിവർക്ക് ചുമതലയുണ്ട്

കോഴിക്കോട്: യാത്ര ചെയ്യാറുള്ളവരാണോ നിങ്ങൾ? ആ യാത്രകൾ റീലായും വീഡിയോ ആയും പങ്കുവെക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ദീർഘദൂര ട്രെയിൻ യാത്രകളിൽ പലരും മടുപ്പൊഴിവാക്കാൻ ഡാൻസും പാട്ടുമായി ഒത്തുചേരാറുണ്ട്. ഇവയെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ആയി പങ്കുവെക്കാറുമുണ്ട്. യാത്രക്കിടയിലെ മനോഹര നിമിഷങ്ങൾ പങ്കുവെക്കുക എന്നതുമാത്രമാണ് പലരുടെയും ഉദ്ദേശം.
എന്നാൽ അപകടകരമായ രീതിയിൽ റെയിൽവെ സ്റ്റേഷനിലും, ട്രാക്കിലും, തീവണ്ടിക്കകത്തും റീൽസ് ചിത്രീകരിക്കുന്നത് റെയിൽവെ ആക്ട് പ്രകാരം കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റീൽസ് ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ റെയിൽവെ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ചേക്കാം. ആരെങ്കിലും പരാതി നൽകുകയോ വീഡിയോ റെയിൽവെയുടെ ശ്രദ്ധയിൽ പെടുകയോ ചെയ്താൽ 1000 രൂപ പിഴയും ഈടാക്കും.
ട്രെയിനിൽ വച്ച് റീൽസ്, പ്രമോഷണൽ വീഡിയോ, കൊമേർഷ്യൽ ഷൂട്ട് തുടങ്ങിയവ നടത്താൻ മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. ഡിവിഷണൽ റെയിൽവെ മാനേജറിൽ നിന്നോ പബ്ലിക് റിലേഷൻസ് ഓഫീസ് വഴിയോ അനുമതി ലഭിക്കും. യാത്രക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിലുള്ളതോ, അവരെ അസ്വസ്ഥരാക്കുന്നതോ ആയ ചിത്രീകരണം നടത്തിയാൽ റെയിൽവെ നിയമത്തിലെ സെക്ഷൻ 145 പ്രകാരം അപമര്യാദയുള്ള പെരുമാറ്റം, പൊതു ശല്യം സൃഷ്ടിക്കൽ തുടങ്ങിയവ ചേർത്ത് കേസെടുക്കാം. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ വഴി തടസപ്പെടുത്തുന്ന രീതിയിലുള്ളതോ, കതകുകളുടെ സമീപത്തുനിന്നുള്ളതോ ആയ വീഡിയോ ചിത്രീകരണം സെക്ഷൻ 153 പ്രകാരം കേസെടുക്കാം.
റെയിൽവെ സ്റ്റേഷനുകളിൽ റീൽസ് എടുക്കുന്നത് നിരീക്ഷിക്കാനും തടയാനും റെയിൽവെ അധികൃതർ, റെയിൽവെ പൊലീസ്, റെയിൽവെ സംരക്ഷണ സേനാംഗങ്ങൾ എന്നിവർക്ക് ചുമതലയുണ്ട്. സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിലവിൽ റെയിൽവെ സ്റ്റേഷനുകളിൽ വച്ച് ഫോട്ടോയെടുക്കാൻ മാത്രമേ അനുമതിയുള്ളൂ. മൊബൈൽ ഫോണുകളിൽ ഉൾപ്പടെ വീഡിയോ ചിത്രീകരിക്കാൻ അനുമതിയില്ല.
Adjust Story Font
16

