'അവരെ മന്ത്രിസഭയിലേക്ക് എടുക്കരുത്, ജനപ്രീതി തകരും': മുഖ്യമന്ത്രി വിജയിക്ക് കോൺഗ്രസിന്റെ മുന്നറിയിപ്പ്
കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങൾ നൽകണം എന്നത് മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണെന്നും കാർത്തി ചിദംബരം

- Published:
16 May 2026 8:31 PM IST

ചെന്നൈ: അണ്ണാ ഡിഎംകെയിലെ വിമത വിഭാഗം എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി കാർത്തി ചിദംബരം. എഐഎഡിഎംകെയിലെ വിഘടിത വിഭാഗത്തെ സർക്കാരിന്റെ ഭാഗമാക്കിയാൽ അത് വിജയിന്റെ ജനപ്രീതിയെയും വിശ്വാസ്യതയെയും തകർക്കുമെന്ന് കാർത്തി ചിദംബരം വാദിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി വിജയ് നിയമസഭയിൽ അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിച്ച് എഐഎഡിഎംകെയിലെ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം വോട്ട് ചെയ്തിരുന്നു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് (ഇപിഎസ്) എതിരെ രംഗത്തുവന്ന 25 വിമത എംഎൽഎമാരാണ് വിശ്വാസവോട്ടെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനായ വിജയിയെ പിന്തുണച്ചത്. ഇപിഎസ് ഉൾപ്പെടെയുള്ള 22 എംഎൽഎമാർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തിരുന്നു.
"മുഖ്യമന്ത്രി വിജയിക്ക് അണ്ണാ ഡിഎംകെയുടെ ഒരു വിഘടിത ഗ്രൂപ്പിന്റെയും പിന്തുണ ആവശ്യമില്ല. യഥാർത്ഥത്തിൽ, എഐഎഡിഎംകെയും ഡിഎംകെയും ഇല്ലാത്ത ഒരു ഭരണത്തിനാണ് ജനങ്ങൾ ജനവിധി നൽകിയിരിക്കുന്നത്. അദ്ദേഹം ആ ജനവിധിയോട് വിശ്വസ്തത പുലർത്തണം, അണ്ണാ ഡിഎംകെയുടെ വിമത വിഭാഗത്തെ അവഗണിക്കണം''- കാർത്തി ചിദംബരം പറഞ്ഞു.
വിമതർ സ്വമേധയാ വിശ്വാസപ്രമേയത്തെ പിന്തുണച്ചെങ്കിൽ അത് അങ്ങനെത്തന്നെ ഇരിക്കട്ടെ എന്നും, എന്നാൽ മുൻ അണ്ണാ ഡിഎംകെ മന്ത്രിമാരെ ആരെയും സർക്കാരിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സഖ്യകക്ഷിയായ കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങൾ നൽകണം എന്നത് മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണെന്നും കാർത്തി ചിദംബരം വ്യക്തമാക്കി.
234 അംഗങ്ങളുള്ള സഭയിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നെങ്കിലും, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള 10 സീറ്റുകൾ കുറവായിരുന്നു. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയിൽ നിന്ന് മാറി ഇവർക്കൊപ്പം ചേർന്നു. വിടുതലൈ ചിരുതൈഗൽ കക്ഷി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, സിപിഐ(എം), സിപിഐ എന്നിവർ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയ് സര്‍ക്കാര്‍ അധികാരമേറ്റത്. പിന്നീടാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗം വിജയിക്ക് പിന്തുണയുമായി എത്തിയത്.
Adjust Story Font
16
