Quantcast

'എല്ലാം അന്വേഷിക്കാൻ ഇഡി സൂപ്പർ കോപ്പ് അല്ല': മദ്രാസ് ഹൈക്കോടതി

ചെന്നൈ ആസ്ഥാനമായുള്ള ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കാനുള്ള ജനുവരി 31-ലെ ഇഡി ഉത്തരവിനെ ചോദ്യം ചെയ്ത് കമ്പനി കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

MediaOne Logo

Web Desk

  • Published:

    20 July 2025 1:48 PM IST

എല്ലാം അന്വേഷിക്കാൻ ഇഡി സൂപ്പർ കോപ്പ് അല്ല: മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കണ്ണിൽപ്പെടുന്ന എല്ലാം അന്വേഷിക്കാൻ ഇഡി ഒരു 'സൂപ്പർ കോപ്പ്' അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ ആസ്ഥാനമായുള്ള ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കാനുള്ള ജനുവരി 31-ലെ ഇഡി ഉത്തരവിനെ ചോദ്യം ചെയ്ത് കമ്പനി കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

2006-ൽ ഛത്തീസ്ഗഢിൽ ഒരു താപവൈദ്യുത നിലയം പ്രവർത്തിപ്പിക്കുന്നതിനായി കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത 2014-ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് പിഎംഎൽഎ പ്രകാരം ഇഡി കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. ഒരു പൊതുതാൽപര്യ ഹരജിയുടെ അടിസ്ഥാനത്തിൽ കൽക്കരി വിതരണം റദ്ദാക്കിയ സുപ്രിം കോടതിയുടെ നിർദേശപ്രകാരം സിബിഐ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു. അതേവർഷം തന്നെ പിഎംഎൽഎ പ്രകാരം ഇഡി ഒരു ഇസിഐആറും(എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു.

കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ യാതൊരു അഴിമതിയും കണ്ടെത്താനായില്ലെന്ന് 2017 ജൂലൈയിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി അത് അംഗീകരിക്കാതെ പരിസ്ഥിതി അനുമതി ഉൾപ്പെടെയുള്ള ചില വശങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് 2023 ആഗസ്റ്റിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നിവക്ക് പ്രോസിക്യൂഷന് ആവശ്യമായ കുറ്റകരമായ വസ്തുക്കൾ കണ്ടെത്തി സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2025 ജനുവരി 31ന് ഇഡി പരിശോധനകൾ നടത്തുകയും സ്ഥിര നിക്ഷേപങ്ങൾ മരവിപ്പിക്കാൻ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാൽ പി‌എം‌എൽ‌എ പ്രകാരം കുറ്റകൃത്യമോ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വരുമാനമോ ഇല്ലാത്തതിനാൽ ജനുവരിയിൽ ഇഡി സ്വീകരിച്ച നടപടികൾക്ക് അധികാരപരിധിയില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവുകൾ റദ്ദാക്കി. 'പി‌എം‌എൽ‌എയിലേക്ക് ഷെഡ്യൂൾ ആകർഷിക്കുന്ന ഒരു 'ക്രിമിനൽ പ്രവർത്തനം' ഉണ്ടായിരിക്കണം. അല്ലെങ്കിൽ അത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ കാരണം കുറ്റകൃത്യത്തിന്റെ ഭാഗമായ വരുമാനവും ഉണ്ടായിരിക്കണം.' ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഇഡി ഒരു കപ്പലിൽ ഘടിപ്പിച്ചിരിക്കുന്ന ലിംപെറ്റ് മൈൻ പോലെയാണെന്നും ബെഞ്ച് പറഞ്ഞു. 'കപ്പലില്ലെങ്കിൽ ലിംപെറ്റിന് പ്രവർത്തിക്കാൻ കഴിയില്ല. ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തെ ഇഷ്ടാനുസരണം അന്വേഷിക്കാൻ ഇഡി ഒരു അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ല.' ബെഞ്ച് പറഞ്ഞു.

TAGS :

Next Story