എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഒന്നുതന്നെയെന്ന് ഇഡി; ഭീകര പ്രവർത്തനത്തിന് വിദേശത്ത് നിന്ന് പണം ശേഖരിച്ചതായി ആരോപണം
അറസ്റ്റിലായ എസ്‌ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ ഇഡി ചോദ്യം ചെയ്യുകയാണ്

ന്യൂഡൽഹി: എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഒന്നുതന്നെയെന്ന് ഇഡി. ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ വിദേശത്ത് നിന്ന് പണം ശേഖരിച്ചെന്നാണ് ഇഡിയുടെ ആരോപണം.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പോപ്പുലർ ഫ്രണ്ട് ആണെന്നും ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു. അറസ്റ്റിലായ എസ്‌ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ ഇഡി ഉദ്യോഗസ്ഥർ ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.
തെരഞ്ഞടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പോപ്പുലർ ഫ്രണ്ട് ആണ്. തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നതും പിഎഫ്ഐ ആണ്. എസ്ഡിപിഐയ്ക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നൽകിയതിന് തെളിവ് ലഭിച്ചുവെന്നും എം.കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നതെന്നും ഇഡി അവകാശപ്പെടുന്നു.
ഹവാലയടക്കം മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചുവെന്നും ഇഡി ആരോപിക്കുന്നു. 12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ല. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തി. വിവിധ പിഎഫ്‌ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. സമാനകേസിൽ പിഎഫ്ഐ നേതാക്കളെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് പിഎഫ്ഐ നേതൃത്വം നൽകിയെന്ന് പറഞ്ഞായിരുന്നു കേന്ദ്രം സംഘടനയെ നിരോധിച്ചതെന്ന് ഇഡി പറഞ്ഞു.
Adjust Story Font
16

