കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ ലക്ഷ്യമിട്ട് ഇഡി; ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെയ്ഡ്
കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്തുകേസിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് സൂചന.

ബംഗളൂരു: കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വരയെ ലക്ഷ്യമിട്ട് ഇ.ഡി റെയ്ഡ്. പരമേശ്വരയുമായി ബന്ധമുള്ള സിദ്ധാർഥ മെഡിക്കൽ കോളജും, സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്തുകേസിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് സൂചന.
കോളജിലേക്ക് വൻതോതിൽ ഫണ്ട് എത്തിയതും , സാമ്പത്തിക തിരിമറികളുമാണ് അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പരിശോധനയെന്ന് ഇ.ഡി. അറിയിച്ചു. സ്ഥാപനത്തിലെ അക്കൗണ്ട്‌സ് ഉൾപ്പടെയുള്ള രേഖകൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ജി.പരമേശ്വരയും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ.
കന്നഡ നടിയെ മാർച്ച് 7നാണ് ഏകദേശം 13കോടി രുപയുടെ സ്വർണവുമായി പിടികൂടുന്നത്്. ഇതിന് പിന്നാലെ പരമേശ്വരയും നടിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. നേരത്തെ രന്യ തനിക്ക് വേണ്ടിയല്ല സ്വർണക്കടത്ത് നടത്തിയതെന്ന് മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. കർണാടക സർക്കാരിലുള്ള ഉന്നതനു വേണ്ടിയാണ് സ്വർണക്കടത്ത്് നടത്തിയതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
ഡിആർഐയാണ് ആദ്യം രന്യയെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനാണ് ഇഡി കേസ് ഏറ്റെടുത്തത്.
Adjust Story Font
16

