ഛത്തീസ്ഗഢിൽ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ബംഗാൾ സ്വദേശികളായ മുസ്‌ലിം തൊഴിലാളികൾക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം
വിവരമറിഞ്ഞെത്തിയ പൊലീസുകാർ തൊഴിലാളികളെ രക്ഷിച്ചെങ്കിലും പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രേഖകൾ പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.

- Updated:
2026-01-06 17:43:13.0

റായ്പ്പൂർ: രാജ്യത്ത് ബംഗാൾ സംസാരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം തുടരുന്നു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പ്പൂരിൽ പശ്ചിമബംഗാൾ സ്വദേശികളായ മുസ്‌ലിം തൊഴിലാളികൾക്ക് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. ബംഗ്ലാദേശിയെന്ന് ആരോപിച്ചായിരുന്നു മർദനം. കറ്റോവാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂരജ്പൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.
പശ്ചിമബംഗാളിലെ പുരുലിയയിലെ ചെപ്രി ഗ്രാമത്തിൽ നിന്നുള്ള എസ്‌കെ അസ്‌ലം (30), എസ്‌കെ ജാസിം (42), എസ്‌കെ ബാബി (23), എസ്‌കെ ജുൽഫിക്കർ (21), ജഹറുൽ എന്നിവരടക്കമുള്ള തൊഴിലാളികൾക്കാണ് മർദനമേറ്റത്. സൂരജ്പൂരിലെ ഒരു ബേക്കറിയിലെ തൊഴിലാളികളായ ഇവർ ഉടമയുമായി സംസാരിച്ചുനിൽക്കുമ്പോൾ ഇവിടേക്കെത്തിയ ഒരു സംഘം ബജ്രംഗ്ദൾ പ്രവർത്തകർ ലാത്തി ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ തൊഴിലാളികളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് തൊഴിലാളികളെ ഹിന്ദുത്വ അക്രമികളിൽ നിന്ന് രക്ഷിച്ചത്. തുടർന്ന്, ഇവരുടെ രേഖകൾ പരിശോധിക്കാൻ പൊലീസുകാർ പശ്ചിമബംഗാളിലെ പുരുലിയ ജില്ലാ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടു. അവർ ആവശ്യപ്പെട്ടതനുസരിച്ച് തൃണമൂൽ നേതാക്കൾ ഇവരുടെ കുടുംബങ്ങളിൽ നിന്ന് രേഖകൾ ശേഖരിച്ച് പൊലീസിന് നൽകി.
'ഞാൻ പുരുലിയയിലെ ചെപ്രി ഗ്രാമത്തിൽ നിന്നുള്ളയാളാണ്. ഒരു ബേക്കറിയിലെ പണിക്കായാണ് ഞങ്ങൾ ഛത്തീസ്ഗഢിലേക്ക് പോയത്. ഞായറാഴ്ചയായിരുന്നു ഈ സംഭവം. ജോലിയുപേക്ഷിച്ച് പോകാൻ അപ്രതീക്ഷിതമായി ബേക്കറിയുടമ ആവശ്യപ്പെട്ടതോടെ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ. ഈ സമയം, ഏകദേശം 50-60 പേരടങ്ങുന്ന ബജ്രംഗ്ദൾ പ്രവർത്തകർ അവിടേക്ക് വരികയും ഞങ്ങളെ മർദിക്കുകയുമായിരുന്നു. ബംഗ്ലാദേശികളെന്നാരോപിച്ചായിരുന്നു ആക്രമണം. ഞങ്ങൾ രേഖകൾ കാണിച്ചിട്ടും അവർ മർദനം തുടർന്നു. തുടർന്ന് പൊലീസുകാരെത്തി ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി'- മർദനമേറ്റവരിൽ ഒരാളായ അസ്‌ലം പറഞ്ഞു.
തൊഴിലാളികളിൽ നാലു പേരെ പ്രാദേശിക പൊലീസ് സ്റ്റേഷനിലും മറ്റുള്ളവരെ പ്രത്യേക സ്ഥലത്തുമാണ് പാർപ്പിച്ചതെന്ന് അസ്‌ലം വ്യക്തമാക്കി. പിന്നീട് പുരുലിയയിലേക്ക് തിരിച്ചയച്ചു. തിങ്കളാഴ്ചയാണ് തങ്ങളെ വിട്ടയച്ചതെന്നും പുരുലിയയിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതായും അസ്‌ലം കൂട്ടിച്ചേർത്തു.
'സൂരജ്പൂരിലെ കറ്റോവാലി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് എന്നെ അറിയിക്കുകയും എട്ട് തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തു. ആക്രമണത്തിന് ഇരകളായ തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്ന് ഞങ്ങൾ എല്ലാ രേഖകളും ശേഖരിച്ച് പൊലീസിന് സമർപ്പിച്ചു'- ചെപ്രിയിലെ ടിഎംസി നേതാവ് ഷെയ്ഖ് ഇക്ബാൽ പറഞ്ഞു.
ഞായറാഴ്ച ഒഡിഷയിലെ സംബൽപൂരിലും ബംഗാളി സംസാരിക്കുന്ന മുസ്‌ലിം തൊഴിലാളിക്ക് മർദനമേറ്റിരുന്നു. ആക്രമണത്തിൽ ഇയാളുടെ കൈക്ക് പരിക്കേറ്റു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികളായ കുടിയേറ്റ തൊഴിലാളികൾക്കെതിരായ ആക്രമണം വർധിക്കുന്നതിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെെത്തിയിരുന്നു.
ആക്രമണത്തെ ക്രൂരമായ അടിച്ചമർത്തൽ എന്നാണ് മമത വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളി കുടിയേറ്റക്കാർ പശ്ചിമ ബംഗാളിലേക്ക് മടങ്ങി സ്വന്തമായി ബിസിനസുകൾ ആരംഭിക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ഡിസംബർ അവസാനം ഒഡിഷയിലെ സാംബൽപൂരിൽ പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളിയെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. പ്രദേശത്ത് ജോലി ചെയ്തിരുന്ന ജുവൽ ഷെയ്ക്ക് (30) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ശാന്തി നഗർ പ്രദേശത്തെ ഒരു ചായക്കടയിലായിരുന്നു സംഭവം. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേമാസം, കേരളത്തിലും സമാന കൊലപാതകം നടന്നിരുന്നു. പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്താണ് ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആർഎസ്എസുകാരടങ്ങുന്ന സംഘം മര്‍ദിച്ച് കൊന്നത്. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ബാഗേൽ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരടക്കമുള്ളവരാണ് പ്രതികൾ.
Adjust Story Font
16
