Quantcast

'കഴുത്തിലെ ഞരമ്പ് മുറിച്ചാൽ എങ്ങനെ മരിക്കും?'; ​കർണാടക മുൻ ഡിജിപിയെ കൊല്ലുംമുമ്പ് ഗൂ​ഗിളിൽ തിരഞ്ഞ് ഭാര്യ

കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പായിരുന്നു ഇത്.

MediaOne Logo

Web Desk

  • Updated:

    2025-04-22 04:49:51.0

Published:

22 April 2025 10:14 AM IST

Ex-Karnataka top cops wife googled death by neck vein cuts before murder
X

ബെം​ഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിലെ ഞരമ്പുകളും രക്തക്കുഴലുകളും മുറിച്ചാൽ ഒരാൾ എങ്ങനെ മരിക്കുമെന്ന് കൊലപാതകത്തിന് മുമ്പ് ഭാര്യ പല്ലവി ​ഗൂ​ഗിളിൽ തിരഞ്ഞുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പായിരുന്നു ഇത്.

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് പല്ലവി പൊലീസിന് മൊഴി നൽകിയിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇവർ മൊഴി നല്‍കിയിരുന്നു. സ്വത്ത് സഹോദരിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. വാഗ്വാദത്തിനൊടുവില്‍ മുളകുപൊടിയെറിഞ്ഞ് കീഴ്പ്പെടുത്തിയ ശേഷം കെട്ടിയിട്ട്​ കത്തിയും കുപ്പിയുമുപയോഗിച്ച് കഴുത്തിനും തലയ്ക്കു പിറകിലും നിരവധി തവണ കുത്തുകയായിരുന്നു എന്നായിരുന്നു മൊഴി.

പരിക്കേറ്റ് നിലത്തുവീണ ഓം പ്രകാശിനെ മരിക്കുന്നതു വരെ നോക്കിനിന്നെന്നും പൊലീസ് പറയുന്നു. എന്നാൽ ​ഗാർഹിക പീഡനമാണ് കൊലയ്ക്ക് കാരണമെന്നാണ് തെളിവെടുപ്പിനിടെ പല്ലവി പറഞ്ഞത്. കൃത്യം നടത്തിയ ശേഷം മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓം പ്രകാശ് എപ്പോഴും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ സ്വയം രക്ഷയ്ക്കു വേണ്ടിയാണ് ആക്രമിച്ചത് എന്നും ഭാര്യ പറഞ്ഞിരുന്നു. ഇവരുടെ മൊഴികളിലെ വൈരുധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഞായറാഴ്ചയാണ് ഓം പ്രകാശിനെ ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്കുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഓം പ്രകാശിന്റെ ശരീരത്തിൽ നിരവധി കുത്തുകൾ ഏറ്റിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്ക ഇദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

ഭർത്താവ് തന്നെ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ് പല്ലവി വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ച സന്ദേശത്തിലുള്ളത്. ഭർത്താവിനെതിരെ അടിയന്തര നടപടി വേണമെന്നാണ് ഐപിഎസ് ഓഫീസർമാരുടെ ഗ്രൂപ്പിലിട്ട ഒരു സന്ദേശത്തിൽ പല്ലവി പറയുന്നത്. ഓം പ്രകാശിന്റെ റിവോൾവർ എത്രയും പെട്ടെന്ന് പിടിച്ചെടുക്കണം. തന്നെ വീട്ടിൽ ബന്ദിയാക്കിയിരിക്കുകയാണ്. എവിടെപ്പോയാലും ഓം പ്രകാശിന്റെ ഏജന്റുമാരുടെ നിരീക്ഷണത്തിലാണെന്നും പല്ലവിയുടെ സന്ദേശത്തിൽ പറയുന്നുണ്ട്.

എന്നാൽ, പല്ലവിക്ക് സ്‌കിസോഫ്രീനിയ അടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പല്ലവിക്ക് വിഷാദരോഗം ഉണ്ടായിരുന്നതായി അവരുടെ മകനും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

ഓം പ്രകാശിനെ പല്ലവി നേരത്തെയും ആക്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് ഓം പ്രകാശിന് പരിക്കേറ്റിരുന്നു. അമ്മയുടെ ഭീഷണിയെ തുടർന്ന് അച്ഛൻ സഹോദരിയായ സരിത കുമാരിയുടെ വീട്ടിലേക്ക് മാറിയിരുന്നുവെന്നും പിന്നീട് തന്റെ പെങ്ങൾ കൃതിയാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നതെന്നും മകനായ കാർത്തികേഷ് പൊലീസിനോട് പറഞ്ഞിരുന്നു.

അച്ഛന് ഇഷ്ടമില്ലാതെയാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. അമ്മയും അനിയത്തിയും സ്ഥിരമായി അച്ഛനോട് വഴക്കിട്ടിരുന്നു. അച്ഛൻ കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ല. അയൽവാസി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 5.45ന് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെയാണ് കണ്ടതെന്നും മകൻ വ്യക്തമാക്കിയിരുന്നു.

ഓം പ്രകാശിന്റെ കൊലപാതക കേസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സിസിബി ഇന്ന് അന്വേഷണം ഔദ്യോഗികമായി ഏറ്റെടുക്കും.‌ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ്. 2015ലാണ്​ വിരമിക്കുന്നത്​. ലോകായുക്ത, ഫയര്‍ ആൻഡ്​ എമര്‍ജന്‍സി സര്‍വീസ്, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.





TAGS :

Next Story